തൃശൂർ : നഗരത്തിൽ കാലവർഷത്തിൽ തകർന്ന കെട്ടിടത്തിലെ വ്യാപാരികളെ കോർപറേഷൻ വഞ്ചിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കെട്ടിടത്തിനുള്ള ലക്ഷക്കണക്കിന് വരുന്ന സാധനങ്ങൾ മാറ്റുന്നതിന് വേണ്ട സമയം പോലും അനുവദിക്കാതെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത് മനുഷ്യത്വമില്ലാത്ത നടപടിയായെന്ന് വ്യാപാരികൾ പറഞ്ഞു.
ഒരു ദിവസം സാധനം മാറ്റാൻ സമയം അനുദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മാറ്റാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനിടെ പൊളിച്ചടക്കുകയായിരുന്നു. കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ആധാരമെഴുത്ത് സ്ഥാപനത്തിലെ ആറ് അസൽ ആധാരങ്ങൾ വരെ മണ്ണിനടിയിലേക്ക് പൊളിച്ചിട്ടതായി ഇവർ പറഞ്ഞു.
ആകെ 28 സ്ഥാപനങ്ങളാണ് രണ്ട് നിലകളിൽ പ്രവർത്തിക്കുന്നത്. ഏറ്റവും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ സാധനങ്ങൾ പോലും മാറ്റാൻ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത്. മുകളിലെ നില പൊളിച്ചിട്ടതോടെ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ കോടികളുടെ സാധനങ്ങളാണ് നശിക്കുക. കോർപറേഷൻ നടത്തിയ ചർച്ചയിൽ സാധനങ്ങൾ മാറ്റാൻ സാവകാശം നൽകിയെങ്കിലും ഇത് പാലിക്കാതെ പൊളിക്കുകയായിരുന്നുവെന്ന് ജില്ലാ ട്രഷറർ ജോർജ്ജ് കുറ്റിച്ചാക്കു പറഞ്ഞു. അതേ സമയം വ്യാപാരികൾ ഉടൻ പുനരധിവാസം ലഭ്യമാക്കുമെന്ന് മേയർ അജിതാ ജയരാജൻ അറിയിച്ചു.