ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നഗരസഭയ്ക്ക് നൽകേണ്ട സാനിറ്റേഷൻ ചാർജ്ജ് ഇന്ന് കൈമാറും. 1984 മുതൽ 2019 മാർച്ച് 31 വരെ ദേവസ്വം പരിധിയിൽ നിന്നും നഗരസഭ മാലിന്യം നീക്കം ചെയ്തതിനുള്ള തുകയാണ് ഇന്ന് കൈമാറുന്നത്. മാലിന്യം നീക്കം ചെയ്തതിന് ദേവസ്വം നൽകേണ്ട തുക നൽകാത്തതിനെ ചൊല്ലി നഗരസഭയും ദേവസ്വവും തമ്മിൽ 1984 മുതൽ തർക്കത്തിലായിരുന്നു. ഇതേത്തുടർന്ന് നഗരസഭ കോടതിയെ സമീപിച്ചു.

കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകളും നിലവിലുണ്ടായിരുന്നു. ഒടുവിൽ സുപ്രീം കോടതി മദ്ധ്യസ്ഥനെ വച്ച് തർക്കം പരിഹരിക്കുകയായിരുന്നു. ദേവസ്വം കൊടുക്കേണ്ട തുക മൂന്ന് കോടി രൂപയായി നിജപ്പെടുത്തി കേസ് ഒത്ത് തീർപ്പാക്കി. ഇതിലേക്ക് ദേവസ്വം പലപ്പോഴായി കൊടുത്ത 35.5 ലക്ഷം രൂപ കഴിച്ച് 2.65 കോടി രൂപയാണ് ഇന്ന് ദേവസ്വം നഗരസഭയ്ക്ക് കൈമാറുന്നത്.

രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ് എന്നിവർക്ക് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് തുക കൈമാറും.