പാവറട്ടി: ഇറിഗേഷൻ എൻജിനിയർമാരുടെ നിരുത്തരവാദ സമീപനത്തിനെതിരെ എൻജിനിയർമാർക്ക് നേരെ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ ശകാരവർഷവും താക്കീതും. ഏനാമാക്കൽ ഫേസ് കനാലിൽ മുന്നിലെ റിംഗ് ബണ്ട് പൂർണ്ണമായും നീക്കാത്തതിനെ തുടർന്ന് അരിമ്പൂർ, പുള്ള്, ചാഴൂർ, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി, ഏനാമാവിന്റെ തീരദേശം എന്നിവിടങ്ങളിൽ വെള്ളം ഉയർന്നു. ഇത് പരിശോധിക്കാൻ ഏനാമാക്കൽ റെഗുലേറ്ററിൽ എത്തിയപ്പോഴാണ് നെഹ്‌റു പാർക്കിലേക്ക് വിളിച്ചു വരുത്തി ഉദ്യോഗസ്ഥരെ ശാസിച്ചത്. ജനങ്ങളെ വെള്ളത്തിൽ മുക്കി കൊല്ലുകയാണോ നിങ്ങളുടെ ഉദ്ദേശം എന്നു പോലും മന്ത്രി ചോദിച്ചു. വേണ്ടിവന്നാൽ പെൻഷൻ പോലും ലഭിക്കാത്ത നിലയിൽ സസ്‌പെൻഡ് ചെയ്യേണ്ടി വരുമെന്നും മുരളി പെരുനെല്ലി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി താക്കീത് ചെയ്തു. റിംഗ് ബണ്ടിന്റെ രണ്ട് വശം മാത്രം പൊളിച്ച് നീക്കിയത് ഏത് സാങ്കേതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മന്ത്രി എന്ന നിലയിൽ നേരിട്ടെത്തിയാണ് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്. അവിടെയൊന്നും ഒരു ഉദ്യോഗസ്ഥനെയും കണ്ടില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ് കനാലിലെ റിംഗ് ബണ്ട് പൂർണ്ണമായും നീക്കിയ ശേഷമേ ഇവിടം വിടൂവെന്ന് പറഞ്ഞ് മന്ത്രി കുത്തിയിരിക്കുകയും ചെയ്തു. പിന്നീട് മന്ത്രി ഇടിയഞ്ചിറ റെഗുലേറ്ററും പരിശോധിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. കെ പത്മിനി, വൈസ് പ്രസിഡന്റ് കെ. വി മനോഹരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രത്‌നവല്ലി സുരേന്ദ്രൻ, മുൻ പ്രസിഡന്റ് രതി എം. ശങ്കർ, ചാവക്കാട് തഹസിൽദാർ സി. എസ് രാജേഷ്, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ്, വടക്കേ കോഞ്ചിറ പടവ് കമ്മിറ്റി പ്രസിഡന്റ് ടി. വി ഹരിദാസൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ടി. എൻ പ്രതാപൻ എം.പിയും സ്ഥലം സന്ദർശിച്ചു.