തൃപ്രയാർ: തീരദേശത്ത് വിവിധ പഞ്ചായത്തുകളിലായി തുറന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തിരക്കേറുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴവെള്ളം കുറയാത്തതാണ് തിരക്കിന് കാരണം. രണ്ടു ദിവസമായി മഴ കുറഞ്ഞെങ്കിലും മിക്ക സ്ഥലങ്ങളിലും മഴവെള്ളം കെട്ടികിടക്കുകയാണ്.

തൃപ്രയാർ പോളിടെക്നിക്കിലെ ക്യാമ്പിൽ ഇന്നലെയും ആളുകൾ വന്നെത്തി. നാട്ടിക പോളിടെക്നിക്കിൽ ഭുരിതാശ്വസ ക്യാമ്പിൽ പ്രവർത്തിക്കുന്ന താൽകാലിക അംഗൻവാടി ആരംഭിച്ചു. ഇവിടെ കുട്ടികൾക്ക് പ്രീ സ്കൂൾ ക്ലാസും മൂന്ന് നേരത്തെ പോഷകാഹാര വിതരണവും ദിവസമായി നടന്ന് വരുന്നു. അംഗൻവാടിയിൽ നിന്ന് മുപ്പതോളം പ്രീ സ്കൂൾ വിദ്യാർത്ഥികളും പാലൂട്ടുന്ന അമ്മമാരും ഗർഭിണികളും സേവനപ്രവർത്തനത്തിലേർപ്പെട്ടുവരുന്നു. തളിക്കുളത്ത് സി.എം.എസ് സ്കൂൾ, വാടാനപ്പിള്ളി ബോധാനന്ദ സ്കൂൾ എന്നിവിടങ്ങളിൽ ആളുകൾ വർദ്ധിച്ചു. അതിനിടെ കനോലിക്കനാൽ കരകവിഞ്ഞത് പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. പുഴയോരം കേന്ദ്രീകരിച്ച് ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നത്. മഴ പെയ്യാതിരുന്നിട്ടും പുഴയോരത്തെ വീടുകളിൽ വെള്ളം കയറി.