കൊടുങ്ങല്ലൂർ: സ്വന്തം കടയിലെ തുണികൾ മുഴുവനും ചാക്കിലാക്കി ദുരിതാശ്വാസത്തിനായി സമ്മാനിച്ച നൗഷാദിന്റെ പ്രതിരൂപം തുണികൾ കൊണ്ടൊരുക്കിയത് കൗതുകമായി. ശിൽപ്പി ഡാവിഞ്ചി സുരേഷാണ് തന്റെ സൃഷ്ടിയിലൂടെ നൗഷാദിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. സ്വയം ചവിട്ടു പടിയായ ജൈസൽ കഴിഞ്ഞ പ്രളയത്തിൽ ആദരവ് ഏറ്റുവാങ്ങിയത് പോലെയാണ് ഈ വർഷം നൗഷാദ് ആദരവ് ഏറ്റുവാങ്ങുന്നതെന്നാണ് സുരേഷിന്റെ പക്ഷം. ഈ വർഷത്തെ പ്രളയമുണ്ടാക്കിയ മഴവെള്ളം ഡാവിഞ്ചി സുരേഷിന്റെ പ്രദേശം മുഴുവനും ചെളിയിൽ മുക്കി വീടിന്റെ പടിവരെ വന്നു തിരിച്ചു പോയി. വീട്ടുവളപ്പിലെ തന്റെ പണിശാല ക്ലീൻ ചെയ്യുമ്പോഴാണ് നൗഷാദിന്റെ നന്മയ്ക്ക് ഒരു ആദരവ് ഒരുക്കണമെന്ന് തോന്നിയതെന്നും തുണികൾ ബോധപൂർവം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു.