തൃശൂർ: ജില്ലയിൽ പ്രളയക്കെടുതി നേരിടുന്ന ക്ഷീരകർഷകർക്ക് ക്ഷീര വികസന വകുപ്പ് അടിയന്തര ധനസഹായമായി 15 ലക്ഷം രൂപ അനുവദിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഉരുക്കളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള കടത്തുകൂലി, ക്ഷീരകർഷക സംഘങ്ങളിൽ നിന്ന് മിൽമയിലേക്ക് പാൽ എത്തിക്കുന്നതിനുള്ള കടത്തുകൂലി, ക്ഷീരസംഘങ്ങൾ മുഖേനയുള്ള വയ്‌ക്കോൽ/ പച്ചപ്പുല്ല് വിതരണം, കാലിത്തീറ്റ വിതരണം, വൈക്കോൽക്കട്ട വിതരണം എന്നിവയ്ക്കായാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. 22,500 കിലോഗ്രാം കാലിത്തീറ്റയും, 6,000 കിലോഗ്രാം പച്ചപ്പുല്ലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്. 36,000 കിലോഗ്രാം പച്ചപ്പുല്ല് കൂടി ഉടനെ തന്നെ വിതരണം ചെയ്യുമെന്ന് ക്ഷീരവികസന വകുപ്പ് ഉപഡയറക്ടർ അറിയിച്ചു.