തൃശൂർ: സിനിമാ ലൊക്കേഷനിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി വീട്ടുസാധനങ്ങളുമായി നടൻ ധർമ്മജനെത്തി. തൃശൂർ പ്രസ് ക്‌ളബിന്റെ നേതൃത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ പ്രസ്‌ ക്ലബ് കെട്ടിടത്തിൽ ആരംഭിച്ച കളക്‌ഷൻ സെന്ററിലേക്കാണ് ഇന്നലെ ഉച്ചയോടെ ധർമ്മജനും സിനിമയുടെ അണിയറ പ്രവർത്തകരും എത്തിയത്. തൃശൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ധമാക്ക സിനിമയുടെ അണിയറ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രസ് ക്‌ളബിലേക്ക് ധർമ്മജൻ വഴി സഹായമെത്തിയത്.

ഒരിക്കലും തിരിച്ചുവരരുതേയെന്ന് പ്രാർത്ഥിച്ച ദുരന്തമാണ് വീണ്ടും എത്തിയിരിക്കുന്നതെന്ന് ധർമ്മജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു. ഒന്നല്ല, രണ്ടല്ല, നിരവധി പേരാണ് സഹായവുമായി എത്തുന്നത്.

കഴിഞ്ഞ പ്രളയസമയത്ത് കൂറെ സ്ഥലത്ത് പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല. കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പോയി. ലൊക്കേഷനിൽ വളരെ സീനിയറായ നടൻമാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരും ദിവസങ്ങളിൽ ഇവിടെ നിന്നും സാധനങ്ങൾ ശേഖരിച്ച് ക്യാമ്പുകളിൽ പ്രവർത്തകരെത്തിക്കും.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ നിന്നും അവാർഡ് നൈറ്റ് വഴി ലഭിച്ച തുക ഉപയോഗിച്ച് കോമഡി റൈറ്റേഴ്‌സിന്റെ സംഘടന വയനാട്ടിലേക്ക് സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. ഇതൊന്നും ഒന്നും ആകില്ലെന്നറിയാം. എല്ലാം അർഹതപ്പെട്ട കൈകളിൽ എത്തട്ടേയെന്നാണ് ആഗ്രഹിക്കുന്നത്. ഇനിയും സഹായങ്ങൾ ഉണ്ടാകുമെന്നും ധർമ്മജൻ പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാതും സെക്രട്ടറി വിനീതയും ചേർന്ന് ധർമ്മജന്റെ കൈയിൽ നിന്ന് വീട്ടു സാധനങ്ങൾ ഏറ്റുവാങ്ങി.