തൃശൂർ: വെള്ളപ്പൊക്കത്തിൽ മണ്ണും ചെളിയും മാലിന്യങ്ങളും കയറിയ വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കേണ്ട ചുമതല ഇക്കുറിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിത കർമ്മസേന തുടങ്ങിയവരുടെ പിന്തുണയോടെ ശുചീകരണം അടിയന്തരമായി ഏറ്റെടുക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി.
ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ തദ്ദേശസ്ഥാപനങ്ങൾ വളണ്ടിയർമാരുടെ ടീം രൂപീകരിക്കണം. ശുചീകരണ പ്രവൃത്തികൾക്കാവശ്യമായ ഉപകരണങ്ങൾ വാടകയ്ക്കെടുക്കാം. അടിയന്തര സാഹചര്യത്തിൽ ഇവ വാങ്ങാനും അനുമതിയുണ്ട്. പക്ഷെ, ബില്ലുകളും വൗച്ചറുകളും കണക്കുകളും കൃത്യമായിരിക്കണം. എങ്കിലേ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും റിഇമ്പേഴ്‌സ് ചെയ്യാൻ പറ്റൂ.

കഴിഞ്ഞ പ്രളയസമയത്തും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ഇക്കുറി വെള്ളം കയറിയ വീടുകളും കടകളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ കുറവാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടുതൽ പേരുണ്ടെങ്കിലും ഇവരിൽ കൂടുതൽ പേരും വെള്ളമെത്തുന്നതിന് മുമ്പേ വീടു വിട്ടവരാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ ശുചിമുറികളും ബയോ ടോയ്‌ലറ്റുകളും നിർമ്മിക്കുന്നതിനുള്ള ചുമതല ശുചിത്വമിഷനാണ്. സ്ത്രീകൾക്കാവശ്യമായ കുളിമുറികൾ പ്രത്യേകം സജ്ജീകരിക്കാനും നിർദ്ദേശമുണ്ട്. പരാതിക്കിട നൽകാത്ത രീതിയിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള ചുമതല കുടുംബശ്രീ പ്രവർത്തകർക്കാണ്.


 വളണ്ടിയർമാരിൽ ഇവർ

എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്‌ളബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ


 ക്ലീൻ കേരള കമ്പനിയെത്തും
പ്രളയബാധിത പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന പ്‌ളാസ്റ്റിക്കുകൾ, പ്‌ളാസ്റ്റിക് കുപ്പികൾ, ഗ്‌ളാസ്, മെറ്റൽ, റബ്ബർ, മെറ്റൽ, ലെതർ, കിടക്കകൾ എന്നിവ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് താത്കാലിക സെന്ററുകൾ സൂക്ഷിക്കണം. ക്ലീൻ കേരള കമ്പനി പിന്നീട് ഇവ ശേഖരിക്കുമെന്നാണ് നിർദ്ദേശം.

 നിലമ്പൂരിലേക്ക് കുന്നംകുളം നഗരസഭ ജീവനക്കാർ

കുന്നംകുളം നഗരസഭ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിലമ്പൂരിലേക്ക് പുറപ്പെട്ടു. സെക്രട്ടറി കെ.കെ മനോജ്, ആരോഗ്യ വിഭാഗം പ്രവർത്തകരായ ലക്ഷ്മണൻ, സനൽ എന്നിവരടങ്ങുന്ന 16 അംഗ സംഘമാണ് ഇന്നലെ രാവിലെ പുറപ്പെട്ടത്. രണ്ടു ദിവസത്തെ ക്യാമ്പ് പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. സംഘം അവശ്യ വസ്തുക്കളും ക്യാമ്പുകളിൽ വിതരണം ചെയ്യും. നഗരസഭ ചെയർ പേഴ്‌സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.