തൃശൂർ: ആറാട്ടുപുഴ, ചേർപ്പ്, പുള്ള്, അരിമ്പൂർ അയ്യന്തോൾ, പുല്ലഴി, മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഏനാമാക്കൽ ബണ്ടിന്റെ വളയംകെട്ടുകൾ പൊട്ടിച്ചുവെങ്കിലും വെള്ളക്കെട്ടൊഴിയാത്ത സാഹചര്യത്തിൽ കുളവാഴ നീക്കാൻ തീവ്രയജ്ഞം. ഇന്നലെ പുല്ലഴി വലിയപാലത്തിൽ കുടുങ്ങിയ കുളവാഴ നീക്കം ചെയ്യാൻ തുടങ്ങി.
പുഴയ്ക്കൽ കുറിഞ്ഞ്യാക്കൽ മുതൽ ഒഴുക്കി വിടുന്ന കുളവാഴയും ചണ്ടിയും പുല്ലഴി കോൾപ്പടവിലെ ഉൾമേഖലയിലെ പാലത്തിൽ കുടുങ്ങിയതിനാലാണ് നീരൊഴുക്ക് തടസപ്പെട്ടത്. അധികമാരും ശ്രദ്ധിക്കാത്ത മേഖലയാണ് ഉൾപ്രദേശത്തെ പുല്ലഴി കോൾപടവിലെ പാലം. ഇവിടെയാണ് കുളവാഴകൾ കൂടുതൽ അടിഞ്ഞു കൂടിയത്. പാലത്തിന് മേലേക്ക് കയറിയാണ് ചണ്ടിയും കുളവാഴയും നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി.എസ് സുനിൽ കുമാറിനെ വഞ്ചിയിലെത്തിച്ചാണ് കർഷകർ ഇത് കാട്ടി കൊടുത്തത്.
അടിയന്തരമായി കെട്ടിനിൽക്കുന്ന കുളവാഴകൾ നീക്കാൻ നിർദ്ദേശം നൽകിയെങ്കിലും ചൊവ്വാഴ്ച ഇത് നീക്കിയിരുന്നില്ല. ചേർപ്പ് മേഖലയിൽ നിന്നും, കുറിഞ്ഞ്യാക്കൽ മേഖലയിൽ നിന്നും ഒഴുകിവരുന്ന വെള്ളം ഏനാമാക്കലിലേക്ക് ചേർന്ന് പോകുന്നത് ഇവിടെ നിന്നാണ്. ഇവിടുത്തെ കുളവാഴകൾ നീക്കം ചെയ്താൽ ഈ മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമാകും. ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ കനാലും കോൾപ്പടവും ഒരു പോലെയാണ്. വെള്ളം നിറഞ്ഞതോടെ മത്സ്യക്കൃഷിയിലും നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
പെരുമഴയെത്തും മുമ്പേ
മഴ കാര്യമായി പെയ്യാതിരുന്ന കഴിഞ്ഞമാസവും കോൾപ്പടവുകളിൽ പാലങ്ങൾക്ക് അടിയിലെ ചണ്ടിയും കുളവാഴയും നിറഞ്ഞിരുന്നു. വെള്ളക്കെട്ട് കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിച്ചു തുടങ്ങി. പുഴയ്ക്കൽ മുതൽ ഏനാമാവ് വരെയുള്ള കനാലിൽപെട്ട കുറിഞ്ഞാക്കൽ പുതിയ പാലം, പുത്തൻകോൾ ചെറിയ പാലം, പുല്ലഴി പടവിലെ വലിയപാലം, ചെറിയപാലം എന്നിവയ്ക്ക് താഴെയായിരുന്നു ചണ്ടിയും കുളവാഴയും നിറഞ്ഞത്. പുല്ലഴി, അടാട്ട് കോൾപ്പടവുകളിലും പറപ്പൂർ സംഘത്തിന്റെ കീഴിലെ കോൾപടവ് എന്നിവിടങ്ങളിലെ ബണ്ടുകൾ കരകവിഞ്ഞൊഴുകി കഴവീഴൽ ഭീഷണിയിലുമായി.
വെള്ളക്കെട്ടിൽ അയ്യന്തോൾ ഉദയനഗർ, കാർത്ത്യായനി ക്ഷേത്രം, പഞ്ചിക്കൽ എന്നിവിടങ്ങളിൽ ജനങ്ങളും വലഞ്ഞു. കിഴക്കു തെക്ക് ബണ്ടിനോടനുബന്ധിച്ചുള്ള ചെറിയ, വലിയ പാലങ്ങളുടെയും പുത്തൻകോൾ പാലത്തിന്റെയും കാലുകളിലും ചണ്ടി നിറഞ്ഞിരുന്നു. വെള്ളം കടക്കുന്നത് പടവിലെ മത്സ്യക്കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. മത്സ്യക്കൃഷി നശിച്ചാൽ സാമ്പത്തിക നഷ്ടത്തിന് ഇടവരും. ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നതിനും ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിടുന്നതിനും ജലവിഭവ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു കോൾ കർഷക സംഘത്തിന്റെ പരാതി..