തൃശൂർ: ജില്ലയിലെ 200 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലധികം പേർക്ക് ആയുർവേദ ചികിത്സയും പ്രതിരോധ മരുന്നും നൽകി ഭാരതീയ ചികിത്സാ വകുപ്പ് സജീവം. കൂടുതൽ ആളുകൾ ദുരിതം അനുഭവിക്കുന്ന എടവിലങ്ങ് പഞ്ചായത്തിൽ 16ന് വിപുലമായ മെഡിക്കൽ ക്യാമ്പ് 'കവചം' പദ്ധതിയുടെ ഭാഗമായി നടത്തും.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്‌ചേഴ്സ് അസോസിയേഷൻ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ, വൈദ്യരത്‌നം ആയുർവേദ കോളേജ്, പി.എൻ.എൻ.എം ആയുർവേദ കോളേജ് തുടങ്ങി ആയുർവേദ മേഖലയിലെ എല്ലാവരേയും കൂട്ടിയിണക്കി 'കവചം' നടപ്പിലാക്കാൻ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു.
പ്രകൃതി ദുരന്താനന്തരം ഉണ്ടാവാൻ സാദ്ധ്യതയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനും ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് ശ്രമം. മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള കൗൺസിലിംഗ് തുടങ്ങിയ ചികിത്സാ വിധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും വെള്ളപ്പൊക്കവും ബാധിച്ച മേഖലകളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും തീരുമാനിച്ചു.
ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡോ. കെ.വി.പി. ജയകൃഷ്ണൻ കൺവീനറായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.