mala-kana
എം.എൽ.എ ഓഫീസിലേക്കുള്ള വഴിയിലെ കാന നിർമ്മാണം.

മാള: വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ഓഫീസിലേക്കുള്ള വഴിയിൽ കാനനിർമ്മാണത്തിന്റെ പേരിൽ പൊതുമരാമത്ത് വകുപ്പ് തടസ്സം സൃഷ്ടിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇതു വരെ നിർമ്മാണം പൂർത്തിയാക്കാനോ വഴിയിലെ തടസം നീക്കാനോ കഴിഞ്ഞിട്ടില്ല. എം.എൽ.എയുടെ ഓഫീസിലേക്ക് പോകുന്ന വഴിയിൽ റോഡിൽ നിന്ന് ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുകൾ ഇട്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് കടന്നുപോകാനോ പ്രായമായവർക്ക് നടന്നുപോകാനോ സാധിക്കാത്ത വിധത്തിലാണ് സ്ലാബ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് സമീപം കെ.എസ്.ഇ.ബി രണ്ട് വലിയ കുഴികളും നിർമ്മിച്ചിട്ടുണ്ട്. എം.എൽ.എ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിലേക്ക് എത്തുന്നവർക്കും സർക്കാർ വകുപ്പുകളുടെ ഈ അനാസ്ഥ വളരെ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. നാട്ടുകാർ പിരിവെടുത്താണ് എം.എൽ.എ ഓഫീസിലേക്ക് കടന്ന് പോകാൻ താത്കാലികമായി മണ്ണിട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പ്രശ്നങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും ശ്രദ്ധയിൽ പെടുത്തിയപ്പോഴെല്ലാം ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു.