ചാഴൂർ: ഒറ്റപ്പെട്ട മഴയെ പെയ്യുന്നുള്ളൂവെങ്കിലും വെള്ളക്കെട്ട് കുറയാത്തത് ചാഴൂർ, താന്ന്യം അന്തിക്കാട്, അരിമ്പൂർ, മണലൂർ മേഖലകളിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. വീടിന്റെ പടിവരെ വെള്ളമെത്തിയിട്ടും മഴ മാറിനിന്നാൽ വെള്ളം ഒഴിഞ്ഞുപോകുമെന്ന് വിശ്വസിച്ചിരുന്നവരും കൂട്ടത്തോടെയാണ് ഇന്ന് ക്യാമ്പുകളിലേക്ക് എത്തിയത്.

ഡാമുകൾ തുറക്കാത്തതിനാൽ മഴവെള്ളം വേഗം ഒലിച്ചുപോകുമെന്ന് വിശ്വസിച്ച് ക്യാമ്പുകളിൽ കഴിഞ്ഞവരും വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ഏറെ നിരാശരാണ്. കിഴുപ്പിള്ളിക്കര ചെറിയ പാലത്തിനോട് ചേർന്നുള്ള സ്ലൂയിസിന്റെ ഏഴ് ഷട്ടറുകളിൽ ഒന്ന് മാത്രമെ തുറന്നിട്ടുള്ളൂവെന്ന് നാട്ടുകാർ ആരോപിച്ചു. കിഴുപ്പിള്ളിക്കരയിലും കാട്ടൂരും പഴുവിലുമുള്ള വെള്ളക്കെട്ടിന് കാരണം ഇതാണെന്നും ഇവർ പറയുന്നു. തൃപ്രയാർ ചേർപ്പ് വഴി തൃശൂർ ഭാഗത്തേക്കുള്ള ബസ് ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. പാൽ അടക്കമുള്ള അവശ്യ വസ്തുക്കളുടെ ദൗർലഭ്യം പ്രദേശത്തെ കടകളിൽ പ്രകടമാണ്.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് നടത്തുന്ന ദുരിതാശ്വാസക്യാമ്പുകളിൽ ഡോക്ടർമാരുടെ സംഘടനയായ ടോഗ്‌സ് (തൃശ്ശൂർ ഒബ്‌സ്ട്രിക്‌സ് & ഗൈനക്കോളജിക് സൊസൈറ്റി) സന്ദർശിച്ചു. ക്യാമ്പിൽ താമസിക്കുന്നവർക്ക് വേണ്ടി ആവശ്യസാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന് കൈമാറി, ടോഗ്‌സിന് വേണ്ടി ഡോക്ടർ മാരായ എം. വേണുഗോപാൽ, എം. ദീപ്തി എന്നിവർ പങ്കെടുത്തു.