തൃശൂർ: മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളിൽ നിന്ന് പാലിയേക്കര ടോൾപ്ലാസയിൽ ടോൾ ഈടാക്കുന്നത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒഴിവാക്കും. കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റവന്യൂ അധികൃതരുടെയും ടോൾ കമ്പനിയുടെയും യോഗത്തിന്റേതാണ് തീരുമാനം. പ്രളയ മേഖലകളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്. ടോൾ ബൂത്തിലെ ക്യൂവിൽ നിൽക്കാതെ ഈ വാഹനങ്ങൾ വേഗം കടത്തിവിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കളക്ടർ എസ്. ഷാനവാസ്, എ.ഡി.എം റെജി പി. ജോസഫ്, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.