തൃശൂർ/പാവറട്ടി/ കൊടകര: ജില്ലയിൽ ചൊവ്വാഴ്ച മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡിലെ പുളിക്കൽ നാസറിന്റെ ഭാര്യ റസിയ (47) പാടശേഖരത്തിലെ വെള്ളച്ചാലിൽ മുങ്ങിമരിച്ചു. ചൊവാഴ്ച രാവിലെ 9 മണിയോടെ ഭർത്താവ് നാസർ (52), മകൻ സുബഹാൻ (16), സഹോദരിയുടെ മകൻ ഇഷാൻ (21) എന്നിവരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ അപകടത്തിൽപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി.
വെള്ളത്തിൽ മുങ്ങിയ നിഷാമിനെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴുക്കിന്റെ ശക്തിയിൽ റസിയ വഴുതി കായലിലേക്ക് വീഴുകയും മുങ്ങിത്താഴുകയുമായിരുന്നു. ഉമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മകനും വെള്ളത്തിൽ വീണു. വെള്ളത്തിൽ മുങ്ങിത്താഴുന്ന അമ്മയേയും മകനെയും കണ്ട് നിലവിളിച്ച ഭർത്താവിനെ കണ്ട മീൻപിടുത്തക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മന്ത്രി വി.എസ്. സുനിൽകുമാറും മുരളി പെരുനെല്ലി എം.എൽ.എയും സ്ഥലത്ത് എത്തിയിരുന്നു. ഷൗക്കി മകളാണ്.
പുതുക്കാട് നിലയ പരിധിയിൽ കോടാലിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ സൺഷേഡ് തകർന്നു വീണ് ഒരാൾ മരിച്ചു. കുറ്റിക്കാട് ഒറ്റക്കൊമ്പന്റെ വീട്ടിൽ സത്യൻ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30തോടെയാണ് അപകടം. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മേസൻ പണിയാണ്. വീട്ടുടമ മമ്മിണിശേരി ജോർജിന്റെ രണ്ട് കാലിനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: ഷൈനി. മക്കൾ: അഞ്ജന, അഖിന. ഇരുവരും വിദ്യാർത്ഥികളാണ്. ഇതുവരെ എട്ട് പേർ മരിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ 47,978 പേർ
ജില്ലയിൽ 245 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 16101 കുടുംബങ്ങളിലെ 47978 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതുവരെ 219 വീടുകൾ ഭാഗികമായും 22 വീടുകൾ പൂർണ്ണമായും തകർന്നു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.