കയ്പ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ മൃഗാശുപത്രിയിൽ വെറ്ററിനറി ഡോക്ടർ ഇല്ലാത്തത് കന്നുകാലി കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ ഉണ്ടായിരുന്ന വെറ്ററിനറി ഡോക്ടർ ഒരു മാസം മുമ്പ് അവധിയിൽ പോയതാണ്. തുടർന്നുകൊണ്ടിരിക്കുന്ന മഴക്കെടുതിയിൽ കന്നുകാലികൾക്കും മറ്റു വളർത്തുമൃഗങ്ങൾക്കും പല തരത്തിലുള്ള രോഗങ്ങൾ വരുന്നതിനാൽ കർഷകർ ആശങ്കയിലാണ്.

മഴക്കെടുതിയിൽ ഇന്നലെ രണ്ടാം വാർഡിൽ പുതിയവീട്ടിൽ ഷാഫിയുടെ ആട് ചത്തിരുന്നു. വളർത്തുമൃഗങ്ങളെയും മറ്റും മൃഗാശുപത്രിയിലേക്ക് കൊണ്ടുവന്നിട്ട് ഡോക്ടർ ഇല്ലാത്തതിനാൽ പലരും തിരികെ പോകേണ്ട അവസ്ഥയാണ്. പെരിഞ്ഞനം പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർക്ക് ആഴ്ചയിൽ രണ്ടു ദിവസം പകരം ചുമതല നൽകിയെങ്കിലും പലപ്പോഴും എത്താറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അടിയന്തര സാഹചര്യം വന്നാൽ മൃഗങ്ങളെയും കൊണ്ട് അകലെയുള്ള വെറ്ററിനറി ഡിസ്‌പെൻസറിയിലേക്ക് പോകേണ്ടി വരുമെന്ന് ക്ഷീരകർഷകർ പറയുന്നു. അടിയന്തരമായി പുതിയ ഡോക്ടറെ നിയമിക്കണമെന്ന് ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.