കൊടുങ്ങല്ലൂർ: പ്രളയം തകർത്ത മലബാറിലെയും വയനാട്ടിലെയും ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ നേതൃത്വത്തിലൊരുക്കിയ സംവിധാനം പ്രചോദനമാകുന്നു. രോഗം മൂലം വേദനകൊണ്ട് പുളയുന്ന നിരവധി പേർക്ക് സാന്ത്വന ചികിത്സയിലൂടെ ആശ്വാസമേകിവരുന്ന കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്, കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ട് രൂപ്പെടുത്തിയ പദ്ധതിയാണ് കഴിഞ്ഞ ദിവസം ഒമ്പത് ലക്ഷത്തിൽ പരം രൂപയുടെ സാധന സാമഗ്രികൾ സമാഹരിക്കാനും ഇവ കൈയ്യോടെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് കൈമാറുന്നതിലേക്കും എത്തിച്ചത്.

കൊടുങ്ങല്ലൂർ കോ-ഓപറേറ്റീവ് കോളേജ്, സ്ത്രീക്കൂട്ടായ്മ തുടങ്ങിയ സംഘടനകളും നൂറ് കണക്കിന് ഉദാരമതികളും സന്നദ്ധ പ്രവർത്തകരും ഈ സംരംഭത്തിൽ പങ്കാളികളായി. വയനാട്ടിലേക്ക് പോയ ലോഡ് അവിടുത്തെ ദുരിതാശ്വാസ കേന്ദ്രത്തിന് കൈമാറിയപ്പോൾ നിലമ്പൂരിലേക്ക് കൊണ്ടു പോയ ലോഡ് അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ ദുരന്തങ്ങൾ ഒറ്റപ്പെടുത്തിയ ആദിവാസി ഊരുകളിലേക്കാണ് ഉപകാരപ്പെട്ടതത്രെ. ഇന്നലെ മേത്തലയിലെ പടന്ന കൂട്ടായ്മയും ഇത്തരത്തിലൊരു സമാഹരണ സംവിധാനത്തിനിറങ്ങി.

ഇരുപത്തിനാലു മണിക്കൂർ കൊണ്ട് രണ്ട് ടോറസ് ലോറിയിൽ കയറ്റാനുള്ള സാധനങ്ങൾ സമാഹരിക്കാനായെന്ന് പ്രവർത്തകർ പറഞ്ഞു. ഇതിൽ ഒരു വണ്ടി ഇന്നലെ തന്നെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പുറപ്പട്ടു. അടുത്തത് ഇന്ന് പുറപ്പെടും. ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലുർ ബ്ലോക്ക് കമ്മിറ്റിയും, സേവാ ഭാരതി പോലുള്ള സന്നദ്ധ സംഘടനകളും കളക്‌ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച സാമഗ്രികളുമായി ഇതിനകം രണ്ട് വാഹനങ്ങൾ പുറപ്പെട്ടിട്ടുണ്ട്.

ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഇതിനെല്ലാം പുറമെ നഗരത്തിലും കോട്ടപ്പുറത്തും അഴീക്കോടും പി. വെമ്പല്ലൂരും മതിലകത്തുമെല്ലാം ദുരിതബാധിതർക്കായി സമാന രീതിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിഭവ സമാഹരണം ആരംഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഇന്നും നാളെയുമായി ഈ കളക്‌ഷൻ സെന്ററുകളിൽ നിന്നെല്ലാമുള്ള സാമഗ്രികൾ ഇന്നും നാളെയുമായി വയനാട്ടിലേക്കും നിലമ്പൂരിലേക്കുമായി പുറപ്പെടും.