gvr-devaswom
ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് നഗരസഭ ചെയർപേഴ്‌സൺ വി.എസ്.രേവതിയ്ക്ക് ചെക്ക് കൈമാറുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വവും നഗരസഭയും തമ്മിലുള്ള തർക്കത്തിന് പര്യവസാനം. ദേവസ്വം നൽകാനുള്ള തുക നഗരസഭയ്ക്ക് കൈമാറി. ശുചീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം നഗരസഭയ്ക്ക് നൽകാനുള്ള തുക സംബന്ധിച്ച് 35 വർഷമായി നിലനിൽക്കുന്ന തർക്കത്തിനാണ് ഇന്നലെ അവസാനമായത്. ദേവസ്വം നഗരസഭയ്ക്ക് നൽകാനുള്ള 2,64,50,000 രൂപയുടെ ചെക്ക് ഇന്നലെ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതിക്ക് കൈമാറി.

ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു തുക കൈമാറിയത്. നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, നഗരസഭാ സെക്രട്ടറി വി.പി. ഷിബു എന്നിവർ സംബന്ധിച്ചു.

ഇനിയുള്ള കാലയളവിൽ ശുചീകരണത്തിന് മാലിന്യത്തിന്റെ അളവനുസരിച്ച് ദേവസ്വം തുക നൽകും. തുക നിശ്ചയിച്ചിട്ടില്ല. കിലോയ്ക്ക് 5.50 രൂപ വാങ്ങുന്നതിനാണ് നഗരസഭ ആലോചിക്കുന്നത്. തീരുമാനം അടുത്ത ദിവസം തന്നെ നഗരസഭ കൈക്കൊള്ളും.

തർക്കവും തുകയും

പരിഹാരമായത് 35 വർഷത്തെ തർക്കം, നൽകിയത് 2.65 കോടി രൂപ

1984 മുതൽ 2019 മാർച്ച് 31 വരെ നഗരസഭ മാലിന്യം നീക്കിയതിനാണ് തുക

മൂന്ന് കോടി തുകയിലെ 35.5 ലക്ഷം പലപ്പോഴായി നൽകിയിരുന്നു

തർക്കം തുടങ്ങിയത് 1984ൽ ഗുരുവായൂർ ടൗൺഷിപ്പ് ആയിരുന്ന കാലത്ത്

1995ൽ നഗരസഭയായതോടെ തർക്കം കോടതിയിലേക്ക്, മദ്ധ്യസ്ഥനുമായി

ഒടുവിൽ തുക തീരുമാനിച്ചത് മദ്ധ്യസ്ഥ ചർച്ചയിലെ ധാരണപ്രകാരം