തൃശൂർ: ആറാട്ടുപുഴ, ചേർപ്പ്, പുള്ള്, അരിമ്പൂർ, അയ്യന്തോൾ, പുല്ലഴി മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഏനാമാക്കൽ ബണ്ടിന്റെ വളയംകെട്ടുകൾ പൊട്ടിച്ചെങ്കിലും പുല്ലഴി മേഖലയിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. പുഴയ്ക്കൽ, കുറിഞ്ഞ്യാക്കൽ മുതൽ ഒഴുക്കിവിടുന്ന കുളവാഴയും ചണ്ടിയും പുല്ലഴി കോൾപടവിലെ ഉൾമേഖലയിലെ പാലത്തിൽ കുടുങ്ങിയതിനാലാണ് നീരൊഴുക്ക് തടസപ്പെട്ടത്.

ഈ ഭാഗങ്ങൾ ആളുകളുടെയും കർഷകരുടെയും ശ്രദ്ധയിൽപ്പെടുന്നതിനാൽ കരാറുകാരൻ അതിവേഗം നീക്കിവിടും. അധികമാരും ശ്രദ്ധിക്കാത്ത മേഖലയാണ് ഉൾപ്രദേശത്തെ പുല്ലഴി കോൾപടവിലെ പാലം. ഇവിടെയാണ് കുളവാഴകൾ അടിഞ്ഞു കൂടിയിരിക്കുന്നത്. പാലത്തിന് മുകളിലേക്ക് കയറിയാണ് ചണ്ടിയും കുളവാഴയും നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനിൽകുമാറിനെ വഞ്ചിയിൽ എത്തിച്ചാണ് കർഷകർ ഇത് കാട്ടികൊടുത്തത്. അടിയന്തരമായി കെട്ടിനിൽക്കുന്ന കുളവാഴകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയെങ്കിലും ചൊവ്വാഴ്ചയും ഇത് നീക്കിയിട്ടില്ലെന്ന് കർഷകർ പറയുന്നു.

ചേർപ്പ് മേഖലയിൽ നിന്നും, കുറിഞ്ഞ്യാക്കൽ മേഖലയിൽ നിന്നും ഒഴുകിവരുന്ന വെള്ളം ഏനാമാക്കലിലേതുമായി ചേർന്ന് പോകുന്നത് ഇവിടെ നിന്നാണ്. ഇവിടത്തെ കുളവാഴകൾ നീക്കം ചെയ്താൽ മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമാകും. ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ കനാലും കോൾപ്പാടവും ഒരു പോലെയാണ്. വെള്ളം നിറഞ്ഞതോടെ മത്സ്യകൃഷിയിലും നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.