pralayam
അമ്പുഗ്രാമത്തിന്റെ സഹായങ്ങളുമായി കുഴൂർ കെ.പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയിൽ നിന്ന് ആദ്യ സംഘം യാത്ര തിരിക്കുന്നു

മാള: അന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയവർക്ക് മുന്നിലേക്ക് കൈത്താങ്ങുമായി മാളക്കാരുടെ മനസും ശരീരവും മലബാറിലേക്ക്. പ്രളയകാലത്ത് മാളക്കാർക്ക് വേണ്ടി നൽകിയ സേവനങ്ങളുടെയും സഹായങ്ങളുടെയും പ്രത്യുപകാരമെന്നോണമാണ് കൈത്താങ്ങുമായി നിരവധി കൂട്ടായ്മകൾ മലബാറിലേക്ക് പോയിട്ടുള്ളത്. ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ശുചീകരണ സാധനങ്ങളും അത്യാവശ്യ മരുന്നുകളും അടക്കമുള്ളവയാണ് സമാഹരിച്ച് കൊണ്ടുപോകുന്നത്. ഇതിനകം നിരവധി ലോഡ് സാധനങ്ങളാണ് മലബാർ മേഖലയിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇനിയും പല മേഖലകളിലും വിഭവ സമാഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സമാഹരണം നടക്കുന്നത്. കുഴൂരിലേക്ക് പ്രളയകാലത്ത് സഹായം എത്തിച്ചവരുടെ മേഖലയിലേക്ക് പ്രത്യുപകാരമെന്നോണം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കൊണ്ടുപോയി. കുഴൂരിലെ അമ്പുഗ്രാമം കൂട്ടായ്മയും കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയും ചേർന്നാണ് ഒരു ലോഡ് സാധനങ്ങൾ ആദ്യഘട്ടമായി മലപ്പുറത്തേക്ക് കൊണ്ടുപോയത്. 25 ചാക്ക് അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ആയുർവേദ മരുന്നുകളുമാണ് എത്തിച്ചത്.

ദുരിതബാധിത പ്രദേശങ്ങളിലേക്ക് കൃത്യമായി സഹായം എത്തിക്കുന്നതിനായി കഴിയുന്നത് പ്രളയകാലത്തെ ആത്മബന്ധമാണ്. മലപ്പുറത്ത് നിന്നെത്തി രക്ഷാപ്രവർത്തനം നടത്തിയ നിരവധി പേരെ കുഴൂർ അമ്പുഗ്രാമം ആദരിച്ചിരുന്നു. ഈ രക്ഷാപ്രവർത്തകരിലൂടെയാണ് തിരിച്ച് മലബാറിലേക്ക് സഹായത്തിനുള്ള വഴി തുറന്നിട്ടുള്ളത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനം കൂടാതെ മലബാറിൽ നിന്ന് കുഴൂരിലേക്ക് ഭക്ഷ്യവസ്തുക്കളും ശുചീകരണ വസ്തുക്കളും എത്തിച്ചിരുന്നു. ശുചീകരണം അടക്കമുള്ള സഹായത്തിനും ഇവർ മാളക്കാർക്ക് കൈത്താങ്ങായിരുന്നു. പൂപ്പത്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തി കൈമാറിയിട്ടുണ്ട്.

മാളയിൽ ടീം വെൽഫയറിന് ശേഷം സ്നേഹ കൂട്ടായ്മ രൂപീകരിച്ച് കളക്‌ഷൻ സെന്റർ തുറന്നിട്ടുണ്ട്. മാള എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ അടുത്ത ദിവസം വിവിധ ശ്രീനാരായണീയ സംഘടനകളും ചേർന്ന് മലബാറിലേക്കുള്ള സഹായം എത്തിക്കുന്നതിന് കൂട്ടായ്മ രൂപീകരിക്കുന്നുണ്ട്. നിലമ്പൂരിലെ ദുരിത ബാധിതകർക്കായി കുഴൂരിലെ യുവജന കൂട്ടായ്മയും മാള സെന്റ് ജോസഫ്‌സ് ഗ്രൂപ്പും ചേർന്ന് ഒരു ലോഡ് സാധനങ്ങൾ എത്തിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കളക്‌ഷൻ സെന്ററുകൾ ആരംഭിച്ച് സഹായങ്ങൾ മലബാറിലേക്ക് കൈമാറാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.