തൃശൂർ: കിടന്നകിടപ്പിൽ നിന്ന് എഴുന്നേറ്റ് നിൽക്കാൻ പോലുമാവാതെ, പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാവാതെ ദുരിതാശ്വാസക്യാമ്പിൽ രണ്ടുപേർ, മണിയും ചന്ദ്രനും. പുറത്ത് തോരാമഴ, കണ്ണുകളിൽ ഇരുട്ട്... 72 വയസുകാരൻ എട്ടുമുന കുണ്ടായി ചന്ദ്രൻ ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ തലയിണയും പുതപ്പും ചോദിച്ച് കരഞ്ഞു. വീട്ടിലല്ല, നമ്മൾ ക്യാമ്പിലാണെന്ന് ഭാര്യ പത്മിനി പറഞ്ഞപ്പോൾ ഒന്നും മിണ്ടാനായില്ല ചന്ദ്രന്.
ഓട്ടുകമ്പനിയിലെ പണിക്കാരനായിരുന്നു. എല്ല് തേയ്മാനം വന്ന് ശരീരം തളർന്നു. കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. എട്ടുവർഷമായി പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. ചിലപ്പോൾ മൂത്രം ഉടുതുണിയിൽ പോകും. എല്ലാം കോരിയെടുക്കാനും വൃത്തിയാക്കാനും നിഴല് പോലെ ഭാര്യ പത്മിനിയുണ്ട്, എപ്പോഴും. മറ്റ് തൊഴിലുകൾക്കൊന്നും പോകാനും അവർക്ക് കഴിയില്ല. ലോൺ എടുത്ത് വാടകയ്ക്ക് ടാർപായയും മറ്റും നൽകിയായിരുന്നു ജീവിക്കാനുളള വക കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇരമ്പിയെത്തിയ വെളളത്തിൽ വീടിനുളളിലെ എല്ലാം മുങ്ങി. ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. അവരെല്ലാം വിവാഹിതർ. കഴിഞ്ഞ പ്രളയത്തിലും എല്ലാം നഷ്ടപ്പെട്ടിരുന്നു. എല്ലാം കരുപ്പിടിപ്പിച്ച് വരുമ്പോഴാണ് വീണ്ടും പ്രളയമെത്തിയത്. ചേർപ്പ് ലൂർദ് മാതാ ഹയർസെക്കൻഡറി സ്‌കൂളിലാണിപ്പോൾ. 117 കുടുംബങ്ങളുണ്ട് ക്യാമ്പിൽ, 379 അംഗങ്ങളും.
തെങ്ങുകയറ്റ തൊഴിലാളി എട്ടുമുന കടയപറമ്പിൽ മണിക്ക് (68) 2016 മേയ് എട്ടിന് പെട്ടെന്ന് ശരീരം തളരുകയായിരുന്നു. പിന്നെ എഴുന്നേൽക്കാനായില്ല. ഭാര്യ മരിച്ചു. മകനും മരുമകളുമാണ് വീട്ടിലുള്ളത്. ശനിയാഴ്ച വീട്ടിൽ കയറിയപ്പോൾ പേരക്കുട്ടികൾക്കും മകനും മരുമകൾക്കുമൊപ്പം ചേർപ്പ് ഗവ. വി.എച്ച്.എസിലെ ക്യാമ്പിലെത്തി. കഴിഞ്ഞ പ്രളയത്തിലും ക്യാമ്പിലായിരുന്നു. സ്‌കൂളിലെ ഒരു ക്‌ളാസിൽ പ്രത്യേക റൂം തയ്യാറാക്കിയാണ് മണിയെ പാർപ്പിച്ചത്. സഹായത്തിനായി വളന്റിയേഴ്‌സുമുണ്ട്. 172 കുടുംബങ്ങളിലെ 555 പേരാണ് ഇവിടെ താമസിക്കുന്നത്.
മേളമൊഴിഞ്ഞ വീട്ടിൽ നിന്ന്...
മേള വിദഗ്ധൻ പെല്ലിശ്ശേരി ഗംഗാധരന് കഴിഞ്ഞ പ്രളയത്തിലാണ് പ്രമേഹം മൂർച്ഛിച്ച് കാലിൽ വ്രണം ഗുരുതരമായത്. ഒമ്പതുമാസം നീണ്ട ചികിത്സ. ഒടുവിൽ ഡോക്ടർമാർ വിധിയെഴുതി, കാൽമുറിക്കണം. അതു കാണാനുളള ശേഷിയില്ലാതെ ഗംഗാധരനും ഭാര്യയും കണ്ണീരോടെ വീട്ടിലേക്ക് മടങ്ങി. പഴുത്ത കാലുമായി പെല്ലിശേരിയിലെ വീട്ടിൽ കഴിയുമ്പോഴാണ് ഇടിത്തീയായി പ്രളയം വരുന്നത്. തളർന്ന കാലുമായി ഗംഗാധരനെ ക്യാമ്പിലെത്തിക്കാൻ മനസുവന്നില്ല, കുടുംബാംഗങ്ങൾക്ക്.
അവർ ഊരകത്തെ സഹോദരിയുടെ വീട്ടിലാക്കി. ഭാര്യയും മറ്റ് സഹോദരിമാരുമെല്ലാം പെല്ലിശേരി എ.യു.പി.എസ് സ്‌കൂളിലുണ്ട്. രണ്ട് പെൺമക്കൾ വിവാഹിതരാണ്. ഭാര്യയും മക്കളും സംഗീതജ്ഞരാണ്. ഉളള പൊന്നും പണവുമെല്ലാം സ്വരൂപിച്ചായിരുന്നു ചികിത്സ നടത്തിയത്. ഇനി ക്യാമ്പിൽ നിന്നിറങ്ങിയാൽ എന്തു ചെയ്യുമെന്നറിയാതെ കണ്ണീർവാർക്കുകയാണ് ഗംഗാധരന്റെ കുടുംബം.
വീട്ടിൽ വീണ് കൈയൊടിഞ്ഞ പല്ലിശേരി കോമരത്ത് അമ്മിണിയും (76) ക്യാമ്പിലുണ്ട്. അവർക്കും പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനം പോലും നടക്കാത്ത ഈ സ്‌കൂളിൽ 120 പേരാണുളളത്.