തൃശൂർ: വയനാട്ടിലെ പ്രകൃതിദുരന്ത ബാധിതർക്കായി തൃശൂർ പ്രസ് ക്ലബ് സമാഹരിച്ച അവശ്യവസ്തുക്കൾ മാനന്തവാടിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ കളക്‌ഷൻ സെന്ററിലേയ്ക്ക് കൈമാറി. തഹസിൽദാർ സുരേഷ് ഏറ്റുവാങ്ങി. ഏഴര ലക്ഷം വിലമതിക്കുന്ന സാധനങ്ങളാണ് മാദ്ധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് ദിവസംകൊണ്ട് സമാഹരിച്ചത്. വിവിധ ക്യാമ്പുകളിലായി കഴിയുന്ന 3,216 കുടുംബങ്ങൾക്ക് ഇതിൽ നിന്നും സഹായമെത്തിക്കും.
മാദ്ധ്യമപ്രവർത്തകർ, സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ വൈശാഖൻ, നടൻ ധർമ്മജൻ ബോൾഗാട്ടി, സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഐ.എ.എസ് ഹോട് സ്‌പോട്, സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ, നാച്വറൽസ് ബ്യൂട്ടിപാർലർ, മൾബറി ഹോംസ്, അരിയങ്ങാടി കെ.പി.ജെ ട്രേഡേഴ്‌സ്, മജീഷ്യൻസ് അസോസിയേഷൻ, കാവേരി റസിഡന്റ്‌സ് അസോസിയേഷൻ, ലക്ഷ്മി സ്‌റ്റോഴ്‌സ് എന്നിവയും വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും കുടുംബങ്ങളും മറ്റു കൂട്ടായ്മകളും സഹായവുമായെത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ് വാഹനം ഫ്‌ളാഗ് ഒഫ് ചെയ്തു.