land-sliding-vattakkotta
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം, ഇതിന് മുകളിലാണ് വട്ടക്കോട്ട മൂന്ന് സെന്റ് കോളനി

മാള: പൊയ്യ പഞ്ചായത്തിലെ വട്ടക്കോട്ട കോളനിയോട് ചേർന്ന് മണ്ണിടിച്ചിലിനെ തുടർന്ന് 13 കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രളയത്തിൽ പോലും പതറാതെ മാറി താമസിക്കേണ്ട അവസ്ഥയുണ്ടാകാത്ത വട്ടക്കോട്ട കോളനി നിവാസികൾ മണ്ണിടിച്ചിൽ ഭീതിയിൽ കൂട്ടത്തോടെ വീട് വിട്ടു.

കോളനിയോട് ചേർന്ന് 50 അടിയിലധികം ആഴത്തിലാണ് മണ്ണെടുത്ത താഴ്‌വാരമുള്ളത്. ഇവിടേക്കാണ് കോളനിയിലെ വീടുകളോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിന്ന് മണ്ണ് ഇടിഞ്ഞിട്ടുള്ളത്. ആദ്യമായാണ് കോളനിക്കാർ ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റുന്നത്. രാവിലെ മണ്ണിടിച്ചിൽ തുടങ്ങിയതോടെ കോളനിക്കാർ ഭീതിയിലായി. തുടർന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചതോടെയാണ് അടിയന്തരമായി മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചത്. ഉച്ചയോടെയാണ് മുഴുവൻ കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്. മണ്ണെടുത്തതിന്റെ അടിവാരത്തും വീടുകളുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് വീടുകൾ ഒഴിയുകയാണെന്ന് കോളനിക്കാർ പറഞ്ഞു.

ഏകദേശം ഇരുപത് വർഷം മുൻപാണ് ഇവിടെ വ്യാപകമായി മണ്ണെടുപ്പ് നടന്നിട്ടുള്ളത്. വി.ആർ. സുനിൽകുമാർ എം.എൽ.എ, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കെ.കരീം, വാർഡ് മെമ്പർ റംല നൗഷാദ് എന്നിവർ കോളനി സന്ദർശിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലാണെന്നും തൽക്കാലം ക്യാമ്പിലേക്ക് മാറ്റി അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് സുരക്ഷിത താമസ സ്ഥലം കണ്ടെത്തുമെന്നും വി.ആർ. സുനിൽകുമാർ പറഞ്ഞു.