തൃശൂർ: നഗരത്തോട് ചേർന്നു കിടക്കുന്ന അയ്യന്തോൾ ഉദയനഗർ, പുഴയ്ക്കൽ പ്രിയദർശിനി, മൈത്രി നഗർ, പുതൂർക്കര, പുല്ലഴി മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡ് ഉപരോധിച്ചു. വെള്ളമൊഴുക്കിന് തടസമായി നിൽക്കുന്നത് എന്താണെന്ന് പരിശോധിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. മഴ കുറഞ്ഞിട്ടും ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം വർദ്ധിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളം പടിഞ്ഞാറോട്ട് ഒഴിഞ്ഞു പോകുന്നില്ല. കോൺഗ്രസ് കൗൺസിലർ എ. പ്രസാദിന്റെ നേതൃത്വത്തിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ സ്ഥലത്തെത്തിയത്. വളയംകെട്ടും ബണ്ടുകളും പൊട്ടിച്ചു വെള്ളം തുറന്നുവിടാത്തത് മൂലമാണ് നെടുപുഴ അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഒഴിയാത്തതെന്ന് ആരോപിച്ച് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ കഴിഞ്ഞ ദിവസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു.


ബണ്ടുകൾ പൊട്ടിച്ചാൽ കോൾ കൃഷിയും മത്സ്യക്കൃഷിയും നശിക്കും. കൃഷിനാശം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കി ബണ്ടു പൊട്ടിച്ചും സ്ലൂയിസുകൾ തുറന്നുവിട്ടും പ്രളയജലം ഒഴിവാക്കുകയാണ് പോംവഴി. ഏനാമ്മാവ് കനാലിലേക്ക് വെള്ളമെത്തുന്ന പഞ്ചിക്കൽ പുല്ലഴി ഏനാമാവ് ബണ്ടുകളും തടയണകളും കഴകളും ഭാഗികമായി പൊട്ടിച്ചിട്ടും വെള്ളം കുറഞ്ഞിരുന്നില്ല. ബണ്ടുകൾ പൊട്ടിച്ചും സ്ലൂയിസുകൾ തുറന്നും വെള്ളം തുറന്നാൽ പുത്തൻകോൾ, ഏനാമാവ് വഴി കടലിലേക്ക് വെള്ളത്തെ പുറന്തള്ളാനാകും. യഥാർത്ഥത്തിൽ വെള്ളം ഒഴിഞ്ഞുപോകാനുള്ള തടസം എന്തെന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് ഇന്നലെയും കഴിഞ്ഞിട്ടില്ല. വിദഗ്ദ്ധരെ എത്തിച്ചു പരിശോധന നടത്തി തടസം കണ്ടെത്താമെന്നും വെള്ളം ഒഴുക്കിവിടാൻ നടപടിയുണ്ടാകുമെന്നും കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകി.