ചാവക്കാട്: കഴിഞ്ഞ ദിവസം രാത്രി മുതൽ നിറുത്താതെ പെയ്ത മഴയെ തുടർന്ന് തീരദേശ മേഖലയിൽ വെള്ളക്കെട്ട് കനത്തു. ചാവക്കാട് നഗരത്തിന്റെ ഒട്ടുമിക്ക മേഖലകളും വെള്ളത്തിനടിയിലായി. ഗ്രാമീണ മേഖലകളിലും വെള്ളക്കെട്ട് ശക്തമായിട്ടുണ്ട്. ചാവക്കാട് ഏനാമാവ് റോഡ്, ബസ് സ്റ്റാൻഡ് പരിസരം, എം.ആർ.ആർ.എം സ്‌കൂൾ പരിസരം, വടക്കെ ബൈപ്പാസ് എന്നിവിടങ്ങളിൽ റോഡ് വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിൽ അധികവും തുറന്നിട്ടില്ല. രണ്ടുദിവസം മുൻപ് വെള്ളക്കെട്ട് കനത്തതോടെ ഏനാമാവ് റോഡിലെ ഗതാഗതം നിരോധിച്ചിരുന്നു.
പിന്നീട് വെള്ളക്കെട്ട് ഒഴിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മുതൽ മഴ വീണ്ടും ശക്തമായത്. പുന്ന മേഖലയിൽ നിരവധി വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ് കഴിയുന്നത്. പേരകം, മല്ലാട്, കുരഞ്ഞിയൂർ, അകലാട് മേഖലകളിൽ വെള്ളക്കെട്ട് ഇതുവരെ ഒഴിഞ്ഞിട്ടില്ല. നൂറുകണക്കിന് വീടുകളാണ് മേഖലയിൽ മാത്രം വെള്ളത്താൽ ചുറ്റപ്പെട്ടിട്ടുള്ളത്. കടപ്പുറം പഞ്ചായത്തിൽ തൊട്ടാപ്പ് സുനാമി കോളനിയിലും കാറുകമാട്, വട്ടേക്കാട് മേഖലകളിലും നിറുത്താതെ പെയ്യുന്ന മഴ ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനുള്ള അസൗകര്യമാണ് ജനത്തെ വലയ്ക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.