ചാവക്കാട്: നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി പരപ്പിൽ താഴത്ത് ആരംഭിക്കുന്ന അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെയും ഹരിത കർമ്മസേനയുടെയും ഉദ്ഘാടനം നാളെ നടക്കുമെന്ന് ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അദ്ധ്യക്ഷനാകും.

30 ലക്ഷം രൂപ ചെലവിട്ട് പരപ്പിൽത്താഴം ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തോട് ചേർന്നാണ് പദ്ധതിയുടെ ഭാഗമായുള്ള മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. അജൈവ മാലിന്യം പുനഃചംക്രമണം ചെയ്യുന്നതിനുള്ള ഷ്രഡ്ഡിംഗ് മെഷീൻ, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങൾ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പ്രത്യേക പരിശീലനം നൽകി തിരഞ്ഞെടുത്ത 21 വനിതകളെ ഉൾപ്പെടുത്തിയാണ് ഗ്രീൻ ഹാൻഡ്സ് എന്ന പേരിൽ ഹരിതകർമ്മസേന രൂപീകരിച്ചിട്ടുള്ളത്. ഇവരാണ് മാലിന്യ ശേഖരണവും സംസ്‌കരണവും നടത്തുക.

സ്വച്ഛ് സർവേക്‌ഷൺ 2019 സർവേയിൽ ആദ്യസ്ഥാനം നേടിയ നഗരസഭ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എ. മഹേന്ദ്രൻ, എ.സി. ആനന്ദൻ, എം.ബി. രാജലക്ഷ്മി, സബൂറ ബക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.