amganavadi
ദുരിതാശ്വാസ ക്യാമ്പിലെ അംഗൻവാടി.

മാള: പെരുമഴക്കാലത്തിന്റെ രൗദ്രഭാവം കണ്ടും അനുഭവിച്ചും ഭീതി നിറഞ്ഞ ഇളം മനസുകളിൽ ആശ്വാസത്തിന്റെ തലോടലുമായി സാമൂഹികക്ഷേമ വകുപ്പ്. കുട്ടികൾ കഴിയുന്ന കുഴൂർ സർക്കാർ ഹൈസ്‌കൂൾ, കുണ്ടൂർ സർക്കാർ യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് അംഗൻവാടികൾ പ്രവർത്തിപ്പിച്ചത്. ഭീതിയെല്ലാം മാറ്റിവച്ച് കുട്ടികൾ കളിയും ചിരിയുമായി അംഗൻവാടികളിൽ സജീവമാവുകയായിരുന്നു.

ഏതാനും ദിവസങ്ങളായി മുടങ്ങിക്കിടന്ന അംഗൻവാടികൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയപ്പോൾ കുട്ടികൾ ആഹ്ലാദത്താൽ എല്ലാം മറന്നു. മുടങ്ങിക്കിടന്ന പോഷകാഹാരങ്ങളും വിതരണം ചെയ്തു. എല്ലാം തിരിച്ചു കിട്ടിയ മാനസികാവസ്ഥയിലായിരുന്ന കുരുന്നുകൾ പെരുമഴക്കാലത്തിന്റെ കെടുതികളും ദുരിതങ്ങളും മറന്നു. അംഗൻവാടിയിലെന്ന പോലെ ടീച്ചർക്കും രക്ഷിതാക്കൾക്കും മുന്നിൽ പാടി തിമിർത്തപ്പോൾ ദുരിതങ്ങളൊന്നുമല്ലാത്ത അവസ്ഥയിലായി. ജീവനക്കാരും ക്യാമ്പിലെ രക്ഷിതാക്കളും കുട്ടികളുടെ മാറ്റത്തെ ആശ്വാസത്തോടെയാണ് കണ്ടത്. മാള സി.ഡി.പി.ഒ ജെസിയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.