ചാലക്കുടി: കാലവർഷത്തിന്റെ തീവ്രതയിൽ നഗരസഭയിൽ മൂന്ന് കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. രണ്ട് കോടിയുടെ കാർഷിക വിളകൾ നശിച്ചു. 56 ഹെക്ടർ സ്ഥലത്തെ 160 കർഷകർക്കാണ് ദുരിതമുണ്ടായത്. കോട്ടാറ്റ്, കാരക്കുളത്തുനാട് എന്നിവിടങ്ങളിലാണ് ഏറെ നഷ്ടം. വാഴ, നെൽക്കൃഷി, ജാതി, തെങ്ങ്, പച്ചക്കറി എന്നിവയും വ്യാപകമായി നശിച്ചു. നഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് തുടരുകയാണെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു. വെള്ളക്കെട്ടിൽ രണ്ടു വീടുകൾ പൂർണ്ണമായി തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായും കേടുപാടുണ്ടായി. നഗരസഭയിൽ വി.ആർ പുരത്തെ കമ്മ്യൂണിറ്റി ഹാളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

മേലൂരിൽ കോടിയിലധികം രൂപ നഷ്ടം

കാർഷിക മേഖലയിൽ മേലൂർ പഞ്ചായത്തിനാണ് ഏറ്റവും കൂടുതൽ നഷ്ടം. ഒരു കോടിയിലധികം രൂപ. നൂറോളം കർഷകരുടെ പ്രയത്‌നം ഇത്തവണത്തെ അധിവർഷം കവർന്നു. നേന്ത്രവാഴകളാണ് കൂടുതലും നശിച്ചത്. പച്ചക്കറികൾ, ജാതി, കപ്പ തുടങ്ങിയ വിളകളും നശിച്ചു. 182 വീടുകളിൽ വെള്ളം കയറിയെന്ന് പ്രസിഡന്റ് പി.പി ബാബു പറഞ്ഞു. മേലൂരിൽ 152 വീടുകളിൽ വെള്ളം കയറി. ഒരു വീട് പൂർണമായും ഇരുപതോളം വീടുകൾ ഭാഗികമായും തകർന്നു. കല്ലുകുത്തി സെന്റ് ജോൺസ് സ്‌കൂളിൽ ഒരു ക്യാമ്പ് ഇപ്പോഴും തുടരുന്നു.

പരിയാരത്ത് അരക്കോടി

പരിയാരം പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ കാർഷിക വിളകൾക്ക് നാശം നേരിട്ടു. ഇവിടെയും വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. കൊന്നക്കുഴിയിലാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയത്. കപ്പത്തോട്ടിൽ നിന്നും വെള്ളംകയറിയതാണ് ഇക്കുറിയും കാർഷിക വിളകൾക്ക് വിനയായത്. എഴുപതോളം പേരുടെ ഓണവിളകൾ മലവെള്ളം ഒഴുക്കിക്കൊണ്ടുപോയി. തുടർച്ചയായി സംഭവിക്കുന്ന ഇത്തരം ദുരിതം പരിയാരം പഞ്ചായത്തിന്റെ നട്ടെല്ല് ഒടിച്ചുവെന്ന് പ്രസിഡന്റ് ജനീഷ് പി. ജോസ് പറഞ്ഞു. മംഗലം കോളനിയിലെ 23 വീട്ടുകാരെ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഇവരെല്ലാം പിരിഞ്ഞുപോയി. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിലെ 16 കുടുംബങ്ങളെ രണ്ടുദിവസം മുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.