ചാവക്കാട്: ഹയാത്ത് ആശുപത്രിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ യുവാവിനെതിരെ കേസെടുത്തു. എടക്കഴിയൂർ മക്കിയിൽ വീട്ടിൽ താജുദ്ദീനെതിരെയാണ് കേസ്. കോടതിയുടെ അനുമതി ലഭിച്ചാലുടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ: കെ.പി. ആനന്ദൻ പറഞ്ഞു.

ദിവസങ്ങൾക്കു മുമ്പാണ് താജുദ്ദീൻ ആശുപത്രിയുടെ വിശ്വാസത ചോദ്യം ചെയ്യുന്ന വിധം ശബ്ദ സന്ദേശം സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തെക്കുറിച്ചും ഡോക്ടർമാരെകുറിച്ചും തെറ്റായ പ്രചരണം നടത്തുന്നതായും ഇതുമൂലം വിശ്വാസ്യതയും സ്വീകാര്യതയും സൽപ്പേരും ബാധിക്കുന്നുവെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. സൗജാദ്, ചാവക്കാട് എസ്.ഐക്ക് പരാതി നൽകിയിരുന്നു.

എന്നാൽ പൊലീസിന് നേരിട്ടെടുക്കാവുന്ന കേസ് അല്ലാത്തതിനാൽ അന്വേഷണ അനുമതിക്കായി ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. തുടർന്ന് കോടതിയിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.