കൊടുങ്ങല്ലൂർ: തോരാമഴയെ അതിജീവിക്കാനാകാതെ തീരദേശത്ത് രണ്ട് വീടുകൾ തകർന്നു. എടവിലങ്ങ് പഞ്ചായത്തിലെ കാര വാക്കടപ്പുറം ഭാഗത്താണ് രണ്ട് വീടുകൾ പൂർണ്ണമായി തകർന്നത്. മുളയിൽ തങ്കപ്പൻ, കംബ്ലിക്കൽ കരുണ എന്നിവരുടെ വീടുകളാണ് ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തകർന്നത്. ഈ മഴയിൽ തീരദേശം വീണ്ടും വെള്ളക്കെട്ടിലായി. മഴയുടെ അളവിൽ അൽപ്പം കുറവുണ്ടായതിനെ തുടർന്ന് പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് ഒഴിഞ്ഞു വരുന്നതിനിടയിലാണ് നിലക്കാതെ പെയ്ത മഴ ആവർത്തിക്കപ്പെട്ടത്. ഇതോടെ തോടുകൾ കവിഞ്ഞൊഴുകി, വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.
മൂന്ന് ദിവസമായി ബണ്ടുകൾ പൊട്ടി വെള്ളമൊഴുകിയതോടെ കനോലി കനാൽ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് എടത്തിരുത്തി, കയ്പമംഗലം മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളിലും വെള്ളം കയറി. ഇതോടെ കൂടുതൽ പേർ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. താലൂക്കിൽ ഇപ്പോഴും 9875 പേർ 33 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. 3341 കുടുംബങ്ങളാണ് ഇന്നലെ ക്യാമ്പിലുള്ളത്.