ചാലക്കുടി: കൊന്നക്കുഴിയിലെ ജിജോയുടെ ഒരു പതിറ്റാണ്ടായുള്ള കാർഷിക പ്രയത്‌നം കാലവർഷത്തിൽ പറന്നകന്നു. അറുപതോളം പശുക്കളുണ്ടായിരുന്ന ഫാമിനെ ചുഴലിക്കാറ്റ് കശക്കിയെറിപ്പോൾ നഷ്ടം ലക്ഷക്കണക്കിന് രൂപ. മൂന്നെണ്ണമായി പ്രവർത്തിക്കുന്ന 7500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷെഡ്ഡുകൾ ആടിയുലഞ്ഞു. മേൽക്കൂരകൾ ദൂരങ്ങളിലേക്ക് പറന്നുപോയി. തൂണുകളും ഇരുമ്പ് പട്ടികകളും പിരിഞ്ഞൊടിഞ്ഞു. ഷീറ്റുകൾ വീണ് ആറ് പശുക്കൾക്ക് പരിക്കേറ്റു. ബാക്കിയെല്ലാത്തിനും ചുഴലിക്കാറ്റ് കനത്ത ആഘാതവുമുണ്ടാക്കി. ഇതോടെ ദിനംപ്രതി 400 ലിറ്റർ കറന്നിരുന്ന പാല് 100 ലിറ്ററായി ചുരുങ്ങി. തൊട്ടുത്ത നാലേക്കറിലെ പുല്ലുകൃഷിയും പാടെ നശിച്ചു. ഇതോടൊപ്പം മറ്റു കാർഷിക വിളകളേയും കാറ്റ് കശക്കിയെറിഞ്ഞു. ഇയാളുടെ വീടിന്റെ ഷീറ്റും പറന്നുപോയി. ഇവിടെ ജീവഹാനിയുണ്ടാകാതിരുന്നത് ഭാഗ്യമായെന്ന് ഉടമ വട്ടോലി ജിജോ പറഞ്ഞു.