ചേലക്കര: കൊണ്ടാഴി മേലേ മുറി മലമുകളിലെ വിള്ളലുകൾ അപകട സാദ്ധ്യത ഉള്ളതാണെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയതിനെതുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഉന്നത സംഘമെത്തിച്ചേരും. പ്രദേശ വാസികളായ 80 കുടുംബങ്ങളെ പൂർണമായും മാറ്റി താമസിപ്പിച്ചു. കൊണ്ടാഴി സരസ്വതി വിലാസം എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് 33 കുടുംബങ്ങളാണ് മാറി താമസിച്ചത്. ബാക്കിയുള്ളവർ ബന്ധു വീടുകളിലേക്ക് പോയതായി അധികൃതർ അറിയിച്ചു.

ക്യാമ്പിന്റെ സുരക്ഷയെ സംബന്ധിച്ച് യു.ആർ. പ്രദീപ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരുമായി അവലോകന യോഗവും നടന്നു. യോഗത്തിൽ മഴ ഇനിയും കൂടുകയാണെകിൽ വിള്ളൽ വന്ന പ്രദേശത്ത് ആഴം എത്ര അപകടമാണെന്ന് പഠനം നടത്താൻ സെൻട്രൽ ഫൊർ എർത്ത് സയൻസ് (സെസ്സ് ) ഉദ്യോഗസ്ഥർ എത്തുമെന്നും സെസ്സിന്റെ പഠന റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പ്രദേശത്ത് താമസയോഗ്യമാക്കാൻ കഴിയൂ എന്നും അറിയിച്ചു.

യോഗത്തിൽ കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ പ്രദീപ്, വൈസ് പ്രസിഡന്റ് വിശ്വനാഥൻ, മെഡിക്കൽ ഓഫീസർ ബിന്ദു, വില്ലേജ് ഓഫീസർ ജോൺ ബോസ്‌കോ, പഴയന്നൂർ പോലീസ് എ.എസ്.ഐ ബെന്നി, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയലക്ഷ്മി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡെൽറ്റോ എം. മൊറോക്കി, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. സെസ്സിന്റെ റിപ്പോർട്ട് വരുന്നതുവരെ പൊലീസിന്റെയും ഫോറസ്റ്റിന്റെയും സംരക്ഷണത്തിലാണ് വിള്ളലുള്ള പ്രദേശം.