വെള്ളിക്കുളങ്ങര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന എളിയ സംഭവന നൽകി രണ്ടുകൈ ട്രൈബൽ എൽ.പി സ്‌കൂളിലെ കുരുന്നുകൾ. കുട്ടികൾ സ്വരുക്കൂട്ടിവച്ച കൊച്ചുതുകകൾ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രിക്ക് നൽകാനുള്ള കൊച്ചു തുണിസഞ്ചിയിൽ അവർ നിക്ഷേപിച്ചു.
പഞ്ചായത്ത് അംഗം ഗീത കേശവൻ പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം സ്വരൂപിച്ച തുക പ്രധാനദ്ധ്യാപിക റീനി പി. ജോസഫിൽ നിന്നും സ്വീകരിച്ചു. ഈ സ്‌കൂളിൽ മൂന്നുദിവസം നടത്തിയ 147 പേരടങ്ങുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായിരുന്നവരും സ്‌കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും നാട്ടുകാരും ഇതിൽ പങ്കാളികളായി.
വനംവകുപ്പ് ഉദ്യോഗസ്ഥൻ സുവർണകുമാറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വനം സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസും ടെലിഫിലിം ഉണ്ടായി. പ്രധാനദ്ധ്യാപിക റീനി പി. ജോസഫ്. പി.ടി.എ പ്രസിഡന്റ് രഞ്ജിനി സനീഷ്, സ്‌കൂൾ ലീഡർ അരവിന്ദ് ടി.പി, സ്‌കൂൾ വികസന സമിതി കൺവീനർ ബിബിൻ വലരിയിൽ എന്നിവർ സംസാരിച്ചു.