മാള: പ്രളയമെത്തിയപ്പോൾ ഒഴുകിപ്പോയത് ആധുനിക രീതിയിൽ സജ്ജീകരിച്ച പശു ഫാമും അതുവരെ നെയ്തെടുത്ത സ്വപ്നങ്ങളുമാണ്. രണ്ടാം വർഷം പെരുമഴ കവർന്നെടുത്തത് അതിജീവനത്തിനായി കെട്ടിപ്പൊക്കിയ കോഴിഫാമും. പ്രകൃതി ചതിച്ച് ഉപജീവനമാർഗ്ഗമെല്ലാം നഷ്ടപ്പെട്ടപ്പോൾ ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായി ജീവിക്കുകയാണ് കുണ്ടൂർ കുന്നപ്പിള്ളി രാജു. ക്ഷീര കർഷകനായിരുന്ന രാജുവിന് പ്രളയം വരുത്തി വെച്ചത് ഏക്കാലത്തേയും വലിയ മനോവേദനയും ബാദ്ധ്യതയുമായിരുന്നു. പ്രളയത്തിൽ 25 പശുക്കളാണ് മുങ്ങിച്ചത്തത്. വെള്ളം കയറിയപ്പോൾ രക്ഷപ്പെട്ടേക്കുമെന്ന് കരുതി ഫാമിൽ കെട്ടിയിരുന്ന പശുക്കളെയെല്ലാം കയർ മുറിച്ച് വിട്ടു.
നിർഭാഗ്യവശാൽ പ്രളയത്തെ അതിജീവിക്കാൻ ഒരു പശുവിനുമായില്ല. അഞ്ച് ദിവസം കഴിഞ്ഞ് പ്രളയജലം ഒഴിഞ്ഞപ്പോൾ സമീപത്തെ പറമ്പിലും പാടത്തും ചാലിലുമായി അഴുകിയ നിലയിൽ ജഡം കണ്ടെത്തി. ദിനംപ്രതി ശരാശരി 350 മുതൽ 400 വരെ ലിറ്റർ പാൽ ലഭിച്ചിരുന്നതാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച ഫാമിനും നഷ്ടം സംഭവിച്ചു. പശുക്കൾക്ക് പോഷക സമ്പുഷ്ടമായ തീറ്റ നൽകുന്നതിന് ഒരുക്കിയ ഹൈഡ്രോപോണിക്‌സ് സംവിധാനവും തകർന്നടിഞ്ഞു. വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രളയത്തിൽ നഷ്ടപ്പെട്ടു. സർക്കാർ നൽകിയത് നാമമാത്ര നഷ്ടപരിഹാരമായിരുന്നു.
പിന്നീട് ഫാമിന്റെ ഒരു ഭാഗത്ത് ഇറച്ചിക്കോഴി കൃഷി ആരംഭിച്ചു. കാലിയായ കാലിത്തൊഴുത്തിൽ 3,000 കോഴികളെ വളർത്തി പ്രതീക്ഷയുടെ വെളിച്ചം ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പെരുമഴയിൽ ഫാമിലേക്ക് വെള്ളം ഇരച്ചു കയറി 26 ദിവസം പ്രായമായ 3000 കോഴികൾ ചത്തൊടുങ്ങിയത്. കോഴികൾക്ക് നൽകാൻ ശേഖരിച്ച് വെച്ചിരുന്ന 35 ചാക്ക് തീറ്റയും നശിച്ചു. ഇത്തവണ ആകെ ആശ്വസിക്കാനുള്ളത് വീടിനകത്തേക്ക് വെള്ളം കയറിയില്ല എന്നതുമാത്രമാണ്. പ്രളയത്തിൽ പശുക്കളെ നഷ്ടപ്പെട്ട ഒരു വർഷം തികഞ്ഞപ്പോഴാണ് കോഴികളും കൂടൊഴിഞ്ഞത്. പ്രളയവും പേമാരിയും പിടിവിടാതെ പിൻതുടർന്നപ്പോൾ രാജുവെന്ന ഈ കർഷകൻ നിരാശയുടെ പടുകുഴിയിലാണ്.
ആ ദുര്യോഗം ഇങ്ങനെ
പശുഫാം കൊണ്ട് 400 ലിറ്റർ വരെ പാൽ ലഭിച്ചിരുന്നതാണ് രാജുവിന്. ആ ജീവിതമാർഗ്ഗം കഴിഞ്ഞ പ്രളയമെടുത്തു. ഇപ്രാവശ്യം മഴ കനത്തുപെയ്തപ്പോൾ അതിജീവനത്തിനായി ഒരുക്കിയ 26 ദിവസം പ്രായമായ 3000 കോഴികളെ മഴ കവർന്നു.