തൃശൂർ: രണ്ട് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം ഉയർത്തിയതോടെ പീച്ചി ഡാമിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. കഴിഞ്ഞ ദിവസം മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ഷട്ടറുകൾ തുറക്കുന്നതിന് സാക്ഷികളാകാൻ ആയിരങ്ങളെത്തി. തുടർന്ന് സന്ദർശക പ്രവാഹമായിരുന്നു. മഴ മാറി നിന്നതും ജനത്തിരക്ക് കൂട്ടി. ഇന്നലെ രാവിലെ മുതൽ സന്ദർശകർ പ്രവഹിക്കാൻ തുടങ്ങി.
വെള്ളം തുറന്ന് വിട്ട ശേഷവും ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. അതേസമയം കൂടുതൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എസ്. ഗീത പറഞ്ഞു. ജലവിതാനം 77.8 മീറ്ററിൽ നിലനിറുത്താൻ തീരുമാനിച്ചതിനാൽ ഏതാനും ദിവസം കൂടി ഷട്ടർ തുറന്നിരിക്കും. കൂടുതൽ മഴ ലഭിച്ചാൽ ഷട്ടറുകൾ ഉയർത്തേണ്ടിവരും. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ്് ഉദയപ്രകാശ്, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങിയവരും എത്തിയിരുന്നു. സന്ദർശകരെ സ്വീകരിക്കാൻ ടൂറിസം പ്രൊമോഷൻ കൗൺസിലും ഒരുങ്ങിയിരുന്നു. പീച്ചി ഗാർഡൻ നവീകരിച്ച് മനോഹരമാക്കി. അഞ്ച് കോടിയുടെ നവീകരണപ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. 20 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 8 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. ഷട്ടർ ഉയർത്തിയെങ്കിലും പീച്ചിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം തുടങ്ങാനായിട്ടില്ല.

ഷട്ടർ തുറന്നത് ഇങ്ങനെ

പരമാവധി ജലവിതാനം 79.25 മീറ്റർ

78 മീറ്ററിൽ ആദ്യ മുന്നറിയിപ്പ്

78.3 മീറ്ററിൽ രണ്ടാം മുന്നറിയിപ്പ്

78.6 മീറ്ററിലെത്തിയതോടെ ഷട്ടർ തുറന്നു

കരുവന്നൂർ, മണലിപുഴകളുടെ തീരദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

ജലവിതാനം 77.8 മീറ്ററിൽ എത്തിയതോടെ തുറന്നു

77.8 മീറ്ററിൽ ജലവിതാനം നിലനിറുത്തി ഷട്ടർ തുറന്നു