തൃശൂർ : മഴ കുറഞ്ഞ്, വെള്ളം ഇറങ്ങി, ശുചീകരണത്തിന് ജനം രംഗത്തിറങ്ങുമ്പോൾ ജലജന്യ രോഗങ്ങൾക്കും ജന്തുജന്യ രോഗങ്ങൾക്കും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞപ്പിത്തം, കോളറ, വൈറൽ പനി, വളംകടി, എലിപ്പനി തുടങ്ങിയവ പടർന്ന് പിടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തുടർച്ചയായി പെയ്ത മഴയിൽ കുടിവെള്ള സ്രോതസും പരിസരവും മലിനമാകാൻ സാദ്ധ്യതയുള്ളതിനാൽ വിവിധ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാദ്ധ്യത കൂടുതലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും കൂടുതലാവാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ക്യാമ്പുകളിൽ താമസിക്കുമ്പോഴും തുടർന്ന് പ്രളയത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശം അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഇനിയുള്ള ദിവസങ്ങളിലും പ്രവർത്തനം തുടരും.

പാമ്പുകളെ സൂക്ഷിക്കണം

വെള്ളം ഇറങ്ങിയതോടെ പാമ്പുകളുടെ ശല്യം വർദ്ധിക്കാൻ സാദ്ധ്യതയേറെയാണ്. ശുചീകരണ പ്രവർത്തനം നടത്തുമ്പോൾ മുൻകരുതലുകൾ എടുക്കണം.

കടിയേറ്റാൽ ചികിത്സ ഇവിടെ

ജില്ലാ ജനറൽ ആശുപത്രികൾ

മെഡിക്കൽ കോളേജ്

താലൂക്ക് ആശുപത്രികൾ

ജൂബിലി മിഷൻ മെഡിക്കൽ കോളേജ്

അമല മെഡിക്കൽ കോളേജ്

ദയ ഹോസ്പിറ്റൽ

കോ ഓപറേറ്റീവ് ഹോസ്പിറ്റൽ

സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി

എലിപ്പനി

മഴ മാറി വെള്ളം ഇറങ്ങിയതോടെ പടർന്ന് പിടിക്കാൻ പെട്ടെന്ന് സാദ്ധ്യതയുള്ളത് എലിപ്പനിയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

ലക്ഷണങ്ങൾ ഇവ

വിറയലോടു കൂടിയ പനി
കഠിനമായ തലവേദന
ശരീരവേദന
കണ്ണിൽ ചുവപ്പ്
തൊലിപ്പുറത്ത് ചുവന്ന തടിപ്പ്

സൂക്ഷിക്കാം ഡെങ്കി, ചിക്കുൻ ഗുനിയ

ശക്തമായ മഴവെള്ളപ്പാച്ചിലിൽ കൊതുകുകളുടെയും മറ്റും ഉറവിടങ്ങൾ നശിച്ചിട്ടുണ്ട്. എങ്കിലും ഏതാനും ദിവസങ്ങൾക്കകം വീണ്ടും ഇവ തലപൊക്കാൻ സാദ്ധ്യത ഉണ്ട്. ഡെങ്കി, ചിക്കുൻ ഗുനിയ എന്നിവ വീണ്ടും കടന്നു വരാം. കഴിഞ്ഞ എതാനും ദിവസമായി ഇവ റിപ്പോർട്ട് ചെയ്തിട്ടില്ല.

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന
നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ
ഓക്കാനവും ഛർദ്ദിയും

ചിക്കൻപോക്‌സ്

പാഞ്ഞാൾ , വിൽവട്ടം , വേലൂർ, വരവൂർ തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ നിന്നും ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെ ക്യാമ്പിൽ നിന്നും മാറ്റിപാർപ്പിച്ചു.