മണലൂർ: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടറുടേയും നഴ്‌സ് ഉൾപ്പെടെയുള്ള സ്റ്റാഫുകളുടേയും സേവനം ലഭ്യമായി തുടങ്ങി. മഴക്കെടുതി മൂലം മണലൂർ പഞ്ചായത്തിന്റെ വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം പ്രാപിച്ചവരിൽ രോഗികളും വയസായവരും മാനസികമായി തകർന്നവരും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ രാത്രിയിൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ സേവനം ലഭ്യമല്ലാത്തതിനെ സംബന്ധിച്ച് ബി.ഡി.ജെ.എസ് മണലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ കാരമുക്ക് സ്‌കൂൾ ക്യാമ്പിൽ പാലാഴി സ്വദേശിയായ വേലായുധന് സുഖമില്ലാതെയാവുകയും പ്രഥാമികചികിത്സയ്ക്ക് കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിയും വന്നു. ഇതോടെയാണ് രാത്രിയിൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കണമെന്നുള്ള ആവശ്യം വീണ്ടും ശക്തമായത്. തുടർന്ന് ദുരിതാശ്വാസക്യാമ്പ് അവസാനിക്കുന്നതുവരെ കുടുംബാരോഗ്യകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. ഇത് പ്രകാരമാണ് ചൊവ്വാഴ്ച രാത്രി മുതൽ പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിന്റെ സേവനം ഇവിടെ ലഭ്യമാണ്.