കയ്പ്പമംഗലം: എടത്തിരുത്തി പല്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവുശാല ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി. എടത്തിരുത്തി ഒന്നാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അറവുശാല പ്രവർത്തിച്ചിരുന്നത്. പാലക്കാട് സ്വദേശിയാണ് ഒരു വർഷത്തോളമായി സ്ഥലം വാടകക്കെടുത്ത് അറവ് ശാല നടത്തിയിരുന്നത്. എന്നാൽ പഞ്ചായത്തിന്റേയോ ആരോഗ്യ വകുപ്പിന്റെയോ അനുമതി വാങ്ങിയിരുന്നുന്നില്ല.

തൃപ്രയാറിലേയും പഴുവിലേയും സ്ഥാപനങ്ങളിലേക്കാണ് ഇവിടെ നിന്നും ഇറച്ചി കൊണ്ടുപോയിരുന്നത്. മഴ കനത്ത് വെള്ളം പൊന്തിയതോടെ അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ പ്രദേശത്തേക്ക് ഒഴുകി വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഭവമറിഞ്ഞ് കയ്പ്പമംഗലം പൊലീസും, പഞ്ചായത്ത് അധികൃതരും, ആരോഗ്യ വകുപ്പ് ഉദ്യാേഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ വീടിന് മുകളിൽ നിന്ന് ഇറച്ചിയും, പോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇറച്ചി ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥർ നശിപ്പിച്ചു. അറവുശാല അടച്ചു പൂട്ടുകയാണെന്നും തുടർന്ന് നടത്താനുള്ള അനുമതി നൽകില്ലെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.