accident-bus

കാഞ്ഞാണി: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചെങ്കിലും,​ ബസ് റോഡിലുരഞ്ഞ് നിന്നതിനാൽ വൻദുരന്തം ഒഴിവായി. ബസിൽ 83 കുട്ടികളുണ്ടായിരുന്നു. ആർക്കും പരിക്കില്ല. എറവ് സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് ഇന്നലെ രാവിലെ 9.20 ഓടെ കാഞ്ഞാണി ബസ് സ്റ്റാൻഡിനു സമീപം അപകടത്തിൽപെട്ടത്.

കണ്ടശ്ശാംകടവ്, മണലൂർ ഭാഗത്തു നിന്ന് കുട്ടികളെ കയറ്റി വന്ന ബസിന്റെ നട്ടുകൾ പലതും റോഡിൽ വീണു കിടന്നിരുന്നു. മുഴുവൻ നട്ടും ഊരിപ്പോയിട്ടും അറിഞ്ഞില്ലെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. രണ്ടു ചക്രവും ഊരിത്തെറിച്ച ശേഷം ബസിന്റെ പിൻഭാഗം റോഡിൽ ഇടിച്ചപ്പോഴാണ് ഡ്രൈവർ കാര്യമറിഞ്ഞത്.

സംഭവത്തിനു പിന്നാലെ അതുവഴി വന്ന മന്ത്രി വി.എസ് സുനിൽകുമാർ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് ഡ്രൈവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് എൽത്തുരുത്ത് സ്വദേശിയായ ഡ്രൈവർ റാഫേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു,​