തൃപ്രയാർ: കാലവ്യാപ്തി നിലനിൽക്കുന്നത് പ്രകൃതി പുരുഷ സംവിധാനത്തിലൂടെയാണെന്നും സ്ത്രീപുരുഷ ശക്തികളെ പ്രാപഞ്ചിക വിധാനത്തിലേക്കു കൊണ്ടു വന്നാണ് ഭാരതീയ സംസ്‌കൃതിക്ക് അടിത്തറ പാകിയിട്ടുള്ളതെന്നും സീതാശ്രമം സ്ഥാപക ഗുരു മുനി പരമസാര ബിന്ദു അഭിപ്രായപ്പെട്ടു. ക്ഷേത്ര നടയിലെ നമ്പീശൻസ് ലക്ഷ്മികൃപ ഹാളിൽ 'രാമായണവും ധാർമ്മിക മൂല്യങ്ങളും പ്രഭാഷണ പരമ്പരയിൽ ' ത്രേതാ സന്ധ്യയിലെ സീതായാമം' എന്ന സമാപന 'പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. സീത രാമന്മാരും അത്തരത്തിൽ അവതരിച്ച് സ്വകർമ്മാനുഷ്ഠാനത്തിലൂടെ ധാർമ്മികതയെ വെളിപ്പെടുത്തിത്തന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീതാശ്രമം കോ ഓർഡിനേറ്ററും കവിയുമായ കെ.ദിനേശ് രാജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സീതാശ്രമം ഗായക സംഘത്തിലെ ഗായകൻ രവീന്ദ്രൻ ആനേശ്വരം, സംഗീത സംവിധായകൻ രവീന്ദ്രൻ ചിത്രാംബരി എന്നിവർക്കു സീതാശ്രമത്തിന്റെ രാമായണ യജ്ഞോപഹാരവും അദ്ദേഹം വിതരണം ചെയ്തു. അഡ്വ. സി.വി. സുഭാഷ്, സുമേഷ് മോഹൻ, പി.വി. അംബുജാക്ഷി, പ്രസാദ് പ്രഭാകർ, രവീന്ദ്രൻ ആനേശ്വരം, രവീന്ദ്രൻ ചിത്രാംബരി എന്നിവർ സംസാരിച്ചു. ഭക്തിഗാന സദസും നടന്നു.