തൃശൂർ: സ്വന്തം തുണിക്കടയിലെ വസ്ത്ര ശേഖരം ദുരിതബാധിതർക്കായി സംഭാവന ചെയ്ത് സഹോദരങ്ങളായ ഗീതയും അശോകനും ദുരന്തകാലത്തെ താരങ്ങളായി. ആളൂർ പഞ്ചായത്തിലെ കൊമ്പിടിഞ്ഞാമാക്കൽ ഗീത അജിതനും കുറ്റിപ്പറമ്പിൽ അശോകനുമാണ് കടയിലുണ്ടായിരുന്ന നാലു ലക്ഷം രൂപ വിലയുടെ തുണിത്തരങ്ങൾ തൃശൂർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ഷാനവാസിന് കൈമാറിയത്.
ആളൂർ പഞ്ചായത്തിലെ പറമ്പി റോഡിലാണ് ഗീതയും അജിതനും ചേർന്ന് ആറ് മാസങ്ങൾക്ക് മുമ്പ് കട തുറന്നത്. തരക്കേടില്ലാതെ കച്ചവടം നടക്കുന്നതിനിടയിലാണ് മഴക്കെടുതിയിൽ സംസ്ഥാനം വീണ്ടും ദുരിതത്തിലായത്. ദുരിതബാധിതർക്ക് തങ്ങളാൽ കഴിയും വിധം എന്തുചെയ്യാനാകും എന്ന ആലോചനയാണ് കട മുഴുവനായി തന്നെ സംഭാവന ചെയ്യാം എന്ന് ഇരുവരും തീരുമാനിച്ചത്. ആറുമാസം മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളാണ് കടയിലുണ്ടായിരുന്നത്. 3,000 കുട്ടികൾക്ക് വിതരണം ചെയ്യാനാവശ്യമായ വസ്ത്രങ്ങൾ ശേഖരത്തിലുണ്ട്. ഇവ മലപ്പുറത്തെ കവളപ്പാറയിൽ എത്തിക്കും. ജില്ലയിലെ ക്യാമ്പുകളിലേക്കും ഒരു ഭാഗം എത്തിക്കും.
കടയിൽ നിന്ന് സാധനങ്ങൾ പായ്ക്ക് ചെയ്യാനും കളക്ടറേറ്റിലേക്ക് മാറ്റാനുമായി നാട്ടുകാരും ആവേശത്തോടെ കൂടെ നിന്നു. കെ യു അരുണൻമാസ്റ്റർ എം.എൽ.എയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്നാണ് വാഹനം ഫ്‌ളാഗ് ഒഫ് ചെയ്തത്.