മാള: വട്ടക്കോട്ടയിൽ കോളനിയോട് ചേർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ വീടുകൾക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ജിയോളജി വകുപ്പിന്റെ വിലയിരുത്തൽ. ഈ റിപ്പോർട്ടിനെ തുടർന്ന് കോളനി നിവാസികൾ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് തിരിച്ചെത്തി. പൊയ്യ പഞ്ചായത്തിലെ മൂന്നാം വാർഡിൽ വട്ടക്കോട്ട മൂന്ന് സെന്റ് കോളനിയോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചാണ് സുരക്ഷാ ഭീഷണിയില്ലെന്ന റിപ്പോർട്ട് നൽകിയിട്ടുള്ളതെന്ന് പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അറിയിച്ചു. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. കോളനിയിലെ വീടുകൾ വാസയോഗ്യമാണെന്നും ഭീഷണിയില്ലെന്നും അധികൃതർ സാക്ഷ്യപ്പെടുത്തിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്.