ചാവക്കാട്: കാലവർഷക്കെടുതിയിൽ ഒട്ടേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് കടപ്പുറം പഞ്ചായത്തിലെ കുമാരൻ പടിയിൽ സംഘർഷം. വെള്ളം കടലിലേക്ക് ഒഴുകിപ്പോയിരുന്ന അറപ്പയുടെ മുകളിൽ സ്വകാര്യ സംഘടന ബിൽഡിഗ് നിർമ്മിച്ചതിനെ തുടർന്ന് വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരുന്നു.
ജനങ്ങൾ സംഘടിച്ചെത്തി അറപ്പ തുറക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘർഷമുണ്ടായി. തുടർന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ സ്ഥലത്തെത്തി സംസാരിച്ചതിനെ തുടർന്ന് 18 വർഷം മുൻപ് അറപ്പത്തോട് നികത്തി നിർമ്മിച്ച കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തി അറപ്പ പുനഃസ്ഥാപിച്ച് വെള്ളം ഒഴുക്കിവിട്ടു. കടപ്പുറത്ത് നിർമ്മിച്ചിരുന്ന മതിലും പൊളിച്ചു.
കടലിലേക്ക് അഞ്ഞൂറ് മീറ്റർ ദൂരത്തിൽ തോട് നിർമ്മിക്കുകയും ചെയ്തു. ഇതോടെ വർഷങ്ങളായി ഒട്ടേറെ വീടുകളെ ദുരിതത്തിലാക്കിയിരുന്ന വെള്ളക്കെട്ടിന് പരിഹാരമായി. അറപ്പത്തോട് നിന്നിരുന്ന സ്ഥലത്ത് ജലമൊഴുക്ക് സുഗമമാക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ചെലവിൽ കാന നിർമ്മാണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷംസിയ തൗഫീഖ്, വാർഡ് മെമ്പർ കാഞ്ചന മൂക്കൻ, റസിയ തുടങ്ങിയവരും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.