ഗുരുവായൂർ: സ്വതന്ത്രനായെങ്കിലും റെജിന് നാട്ടിലെത്താൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ബ്രിട്ടീഷ് റോയൽ നേവി പിടിച്ചെടുത്ത ഇറാൻ കപ്പലായ ഗ്രേസ് വണിലെ സെക്കൻഡ് ഓഫിസർ ഗുരുവായൂർ സ്വദേശി റെജിനാണ് നാട്ടിലെത്താൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി സുഹൃത്തിന് ശബ്ദസന്ദേശം അയച്ചത്.
കപ്പൽ തടഞ്ഞുവച്ചപ്പോൾ ഫോണും ലാപ്‌ടോപ്പുമെല്ലാം പിടിച്ചെടുത്തിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്താണ് തിരികെ ലഭിച്ചത്. അതിനാലാണ് ബന്ധപ്പെടാൻ കഴിയാതിരുന്നത്. തങ്ങൾക്കെതിരെ എടുത്തിരുന്ന കേസുകളെല്ലാം പിൻവലിച്ചിട്ടുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ക്യാപ്റ്റനും ചീഫ് ഓഫിസറും കപ്പലിൽ നിന്ന് ഇറങ്ങുന്നതിനാൽ അടുത്ത ഓഫിസറായ തനിക്ക് കപ്പലിൽ നിന്ന് മാറാൻ കഴിയില്ലെന്നും കപ്പലിലെ സെക്കൻഡ് ഓഫിസറായ റെജിൻ പറയുന്നു. കപ്പൽ ഗ്രീസിലെത്തിയാൽ നാട്ടിലേക്ക് മടങ്ങാമെന്നാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളതെന്നും അതിന് എട്ട് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ടെന്നും അറിയിച്ചു.