ചാലക്കുടി: പ്രളയത്തിൽ തങ്ങൾക്ക് ലഭിച്ച അനുകമ്പയും സഹായങ്ങളും തിരികെ നൽകി മാതൃകയാവുകയാണ് ചാലക്കുടിക്കാർ. നിറയെ അവശ്യ വസ്തുക്കളുമായി നിരവധി വാഹനങ്ങൾ ഇതിനകം നിലമ്പൂർ, വയനാട് മേഖലകളിലേക്ക് പോയിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും കൈയ്യും മെയ്യും മറന്നാണ് വസ്ത്രങ്ങളും ആഹാരങ്ങളും ശേഖരിച്ച് ദുരന്ത മേഖയിൽ എത്തിക്കുന്നത്. ഇരുപതോളം വലിയ വാഹനങ്ങൾ നിറയെ വസ്തുക്കൾ ഇതിനകം കൊണ്ടുപോയി. ഇനിയും നിരവധി സംഘടനകൾ ഉടൻ പുറപ്പെടാൻ തയ്യാറെടുക്കുന്നു. ചാലക്കുടി നഗരസഭ ശേഖരിച്ച വസ്തുക്കൾ ശനിയാഴ്ച രാവിലെ കൊണ്ടുപോകും. ഡി.വൈ.എഫ്.ഐ പ്രവർത്തകൾ ആറിടങ്ങളിൽ നിന്നും സാമഗ്രികൾ കൊണ്ടുപോയി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 19ന് സാധനങ്ങൾ കൊണ്ടുപോകും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചാലക്കുടിയിലേക്ക് കേരളത്തിന് അകത്തും പുറത്തു നിന്നുമായി അനവധി സഹായങ്ങളാണ് എത്തിയിരുന്നത്.