ചാലക്കുടി: കണ്ണൻകുഴി തോട്ടിൽ മൂന്നു വയസു പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തി. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്നതാണെന്ന് കരുതുന്നു. കണ്ണൻകുഴി തോട് പുഴയിൽ ചേരുന്ന മൂഴിക്ക തുരുത്തിൽ മരങ്ങൾക്കും ചവറുകൾക്കുമിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മലയിൽ നിന്നുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് തോട്ടിൽ ജലനിരപ്പ് താഴ്ന്നിരുന്നു. ഇതോടെ ബീറ്റിന് പോയ വനപാലകർക്ക് നാറ്റം അനുഭവപ്പെട്ടത്. തുടർന്നുള്ള തെരച്ചിലിൽ കുടുങ്ങിക്കിടന്ന ആനക്കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പരിയാരം റേഞ്ച് ഓഫീസർ കെ.ജി രാകേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുധീഷ് എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. നെഞ്ചിൽ മാരകമായ ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കുണ്ടൂർമേട് പാറയിടുക്കിൽ നിന്നും വീണതാണെന്ന് കരുതുന്നു.