ചേലക്കര: കൊണ്ടാഴി മേലേമുറി മല കയറി പരിശോധനയ്ക്കായി മന്ത്രി എ.സി. മൊയ്തീനെത്തി. അദ്ദേഹത്തോടൊപ്പം യു.ആർ. പ്രദീപ്, തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ്, തഹസിൽദാർ ഇ.വി. രാജു, കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ഷിനോജ് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു. വിള്ളലുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം സരസ്വതീ വിലാസം സ്‌കൂളിലെ ക്യാമ്പിലെത്തിയ മന്ത്രി, ഭൂമിയുടെ ഘടന ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അറിയിച്ചു.

അറുപതോളം കുടുംബങ്ങളാണ് ക്യാമ്പിൽ കഴിഞ്ഞു വരുന്നത്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനും മറ്റുമായി പകൽ സമയങ്ങളിൽ മാത്രമേ പോകാൻ പാടൊള്ളൂവെന്നും നിർദ്ദേശിച്ചു. ക്യാമ്പിൽ ഭീതിയിൽ കഴിയുന്നവർക്ക് കൗൺസലിംഗ് ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മനുഷ്യസഹജമായി ചെയ്യാൻ കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇടിച്ചിലുണ്ടായ സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
സമീപ പ്രദേശത്തുള്ള ക്വാറികളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചതായി കളക്ടർ അറിയിച്ചു.


പടം.
കൊണ്ടാഴി മേലേമുറി മലമുകളിൽ മന്ത്രി എ.സി. മൊയ്തീൻ, യു.ആർ. പ്രദീപ് എം.എൽ.എ, കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ.