കൊടുങ്ങല്ലൂർ: പ്രളയബാധിതരെ സഹായിക്കാൻ, ഓമനിച്ച് വളർത്തിയ പശുക്കുട്ടിയെ നൽകിയ വീട്ടമ്മ മാതൃകയായി. മതിലകം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി അംഗമായ ഇ.ജി. സുരേന്ദ്രന്റെ അമ്മ എരുമത്തിരുത്തി കൗസല്യയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ തന്റെ പശുക്കുട്ടിയെ സമ്മാനിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി സി.പി.എം നേതാക്കളും പ്രവർത്തകരും എത്തിയപ്പോഴാണ് കൗസല്യ സന്തോഷത്തോടെ പശുക്കുട്ടിയെ കൈമാറിയത്. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, പി.എം ആൽഫ എന്നിവർ ചേർന്ന് പശുക്കുട്ടിയെ ഏറ്റുവാങ്ങി. ജഴ്‌സി ഇനത്തിലുള്ള ആറ് മാസം പ്രായമായ പശുക്കുട്ടിയെ 20ന് വൈകിട്ട് നാലിന് മതിലകം സെന്ററിൽ വെച്ച് ലേലം ചെയ്യുമെന്ന് പാർട്ടി ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ അറിയിച്ചു.