പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മതുക്കരയെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ദേവസൂര്യ ഭാരവാഹികൾ ആവശ്യപ്പെട്ടു. മതുക്കരയിലെ ദുരിതബാധിതർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്താണ് ദേവസൂര്യ ആവശ്യം ഉന്നയിച്ചത്. കേരളകൗമുദി വാർത്തയിൽ നിന്നാണ് ദേവസൂര്യ പ്രവർത്തകർ ഇക്കാര്യം അറിഞ്ഞത്.

വെള്ളം ഉയർന്നതോടെ ഒറ്റപ്പെട്ട മധുക്കരയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ആകെ ഒരു വഞ്ചി മാത്രമാണുള്ളത്. നിലവിൽ ആറു വീടുകളിൽ മാത്രമാണ് വെള്ളം കയറിയിട്ടുള്ളൂ എങ്കിലും കൂലിപണിക്കാരും കർഷക തൊഴിലാളികളും മാത്രമുള്ള മതുക്കരയിലെ ഭൂരിഭാഗവും പട്ടിണിയുടെ വക്കിലാണ് .സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പ് ഇല്ലാത്തതിനാൽ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭിക്കില്ല. ഇതു മനസിലാക്കിയാണ് വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി പബ്ലിക് ലൈബ്രറി ഗുരുവായൂർ ചാമുണ്ടേശ്വരി റെസിഡൻഷ്യൽ അസോസിയേഷന്റെ സഹകരണത്തോടെ ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്.

അരി, പഞ്ചസാര, പരിപ്പ്, പയർ, സോപ്പ്, ചായപ്പൊടി, എണ്ണ, റെസ്‌ക്ക്, റവ എന്നിവ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. മണലൂർ നിയോജക മണ്ഡലത്തിലെ സർക്കാർ അംഗീകത മാതൃകാ പട്ടികജാതി കോളനിയാണ് മതുക്കര ഗ്രാമം. ദേവസൂര്യ ഭാരവാഹികളായ എം.ജി. ഗോകുൽ, ടി.കെ. സുനിൽ, റെജി വിളക്കാട്ടുപാടം, സന്തോഷ് ദേശമംഗലം, എം.എം. സമോജ്, പി.ജെ. ബൈജു, അബുജം സുബ്രഹ്മണ്യൻ, സജി ബിജു എന്നിവർ നേതൃത്വം നൽകി.