മുപ്ലിയം: അനുമതി കൂടാതെ പ്രവർത്തിക്കുകയും മാലിന്യം പുഴയിലേക്ക് ഒഴുക്കുകയും ചെയ്തതിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ പൊട്ടാമ്പാടത്തെ പന്നിഫാം പ്രവർത്തനം തുടരുന്നു. മഴ ശക്തമായതോടെ പന്നി വളർത്തുകേന്ദ്രത്തിൽ നിന്നുള്ള മാലിന്യം കുറുമാലിപ്പുഴയിലേക്ക് ഒഴുകിയെത്തുകയാണ്. ബുധനാഴ്ച സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ, ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു.

വനഭൂമി പട്ടയപ്രകാരം ലഭിച്ച കുന്നിൻ ചെരിവിൽ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാതെയാണ് ഫാം പ്രവർത്തിക്കുന്നത്. ചത്ത പന്നിക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഫാമിലെ മാലിന്യം തൊട്ടടുത്ത ഉപയോഗശൂന്യമായ പാറമടയിലേക്കാണ് ഒഴുക്കുന്നത്. കുഴി നിറഞ്ഞ് മാംസക്കൊഴുപ്പു കലർന്ന വെള്ളം പുറത്തേക്കൊഴുകുകയും ഇത് കുറുമാലിപ്പുഴയിൽ കലരുകയും ചെയ്യുന്നു. ഇതുമൂലം പൊട്ടമ്പാടത്തെ ജനവാസ കേന്ദ്രങ്ങളിൽ രൂക്ഷമായ ദുർഗന്ധവും ഈച്ച, കൊതുക് ശല്യവും വ്യാപകമാണ്.

കുറുമാലിപ്പുഴയിലെ കുടിവെള്ള പദ്ധതികളും മലിനീകരണ ഭീഷണിയിലാണ്. 2018 ജൂണിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വരന്തരപ്പിള്ളി പഞ്ചായത്തിലും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഫാമിന് സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഫാം പ്രവർത്തനം തുടർന്നു.

2019 മേയ് മാസത്തിൽ പാറമടയിൽ നിന്നുള്ള മലിന ജലം പുറത്തേക്കൊഴുക്കിയത് പിന്നെയും പ്രശ്‌നത്തിനിടയാക്കി. വനഭൂമിയിലേക്ക് ഒഴുക്കിയ മാലിന്യം കുറുമാലിപ്പുഴയിലെത്തുന്നുവെന്ന് കണ്ടെത്തിയതോടെ പഞ്ചായത്ത് വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകി. വനം വകുപ്പും പൊലീസും കേസ് രജിസ്റ്റർ ചെയ്തു. എന്നിട്ടും ഫാം പ്രവർത്തനം നിറുത്തിയിട്ടില്ല.