വടക്കാഞ്ചേരി: കഴിഞ്ഞ ആഗസ്റ്റ് 16നുണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ കുറാഞ്ചേരി നിവാസികൾ. പ്രകൃതി ദുരന്തം ജീവനപഹരിച്ച് കണ്ണീരോർമ്മയായവർക്ക് ഓർമപ്പൂക്കളർപ്പിക്കാൻ ഒരു നാടു മുഴുവൻ ഇന്നലെ രാവിലെ കുറാഞ്ചേരിയിലേക്ക് ഒഴുകിയെത്തി, ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾ, സ്‌നേഹിതർ, അയൽവാസികൾ, മന്ത്രിയും എം.എൽ.എയും അടങ്ങുന്ന ജനപ്രതിധികൾ, രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ജീവൻ പൊലിഞ്ഞ 19 പേരുടെയും ചിത്രങ്ങൾ വേദിയിൽ നിരന്നപ്പോൾ പലരും തേങ്ങലടക്കാൻ കഴിയാതെ വിതുമ്പുന്നുണ്ടായിരുന്നു. കഴിഞ്ഞു പോയ കർക്കടകത്തിന്റെ കറുത്ത ദിനം എത്ര മറക്കാൻ ശ്രമിച്ചിട്ടും പലരുടെയും ഓർമ്മകളിൽ ഒരു ദുഃസ്വപ്നം പോലെ തെളിഞ്ഞു വന്നു. മ(ന്തി എ.സി. മൊയ്തീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രളയനാളുകളിൽ കേരളം ഉയർത്തിപ്പിടിക്കുന്ന മഹത്തായ കൂട്ടായ്മ നിലനിറുത്താൻ കഴിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. കളക്ടർ എസ്. ഷാനവാസ്, വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, കൗൺസിലർ പി.എൻ. ജയന്തൻ, പി.ആർ. അരവിന്ദാക്ഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, വനം, അഗ്‌നി ശമനസേന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.